കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപിക്കെതിരെ കേസ്; ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി
ഭരണഘടന 75 വര്‍ഷം പിന്നിടുമ്പോഴെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമെന്തെന്ന് പൊലീസ് മനസ്സിലാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു

ന്യൂഡല്‍ഹി: കവിത പ്രചരിപ്പിച്ചതിന് കോണ്‍ഗ്രസ് എംപിക്കെതിരെ കേസെടുത്ത ഗുജറാത്ത് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. ഭരണഘടന 75 വര്‍ഷം പിന്നിടുമ്പോഴെങ്കിലും അഭിപ്രായ സ്വാതന്ത്ര്യമെന്തെന്ന് പൊലീസ് മനസ്സിലാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. കേസെടുക്കുമ്പോള്‍ പൊലീസ് കവിത വായിച്ച് അര്‍ഥം മനസ്സിലാക്കണമായിരുന്നെന്നും സാമാന്യവിവരം കാട്ടേണ്ടതായിരുന്നെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, ഉജ്വല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
എക്‌സില്‍ കവിത പങ്കുവെച്ചതിന് തന്റെ പേരില്‍ ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യസഭാംഗം ഇമ്രാന്‍ പ്രതാപ്ഗഡി നല്‍കിയ ഹരജി വിധിപറയാന്‍ മാറ്റിയാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഗുജറാത്തിലെ ജാംനഗറില്‍ സമൂഹവിവാഹച്ചടങ്ങിനിടെ ആലപിച്ച കവിതയുടെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് പ്രതാപ്ഗഡിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 196, 197 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്.
'യെ ഖൂന്‍ കീ പ്യാസി ബാത് സുനോ' എന്ന കവിതയാണ് ഇമ്രാന്‍ പ്രതാപ്ഗഡി എക്‌സില്‍ പങ്കുവെച്ചത്. ഇതിന് മതവുമായി യാതൊരു ബന്ധവുമില്ലെന്നും ദേശവിരുദ്ധമല്ലെന്നും കോടതി പറഞ്ഞു. കേസിനാസ്പദമായ കവിത സത്യത്തില്‍ അഹിംസയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അത് പൂര്‍ണമായും സര്‍ഗാത്മകമായിരുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

