സ്വർണവും പണവും തന്നില്ലെങ്കിൽ ജയിലിലിടും! കേസ് പോലുമില്ലാതെ വ്യവസായികളെ പൊലീസ് പിടിച്ചുവെച്ചത് രണ്ട് ദിവസം; ഗുരുതര ക്രമക്കേട് കണ്ടെത്തി മനുഷ്യാവകാശ കമ്മീഷൻ
എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ രണ്ട് പേരെ പൊലീസ് സ്റ്റേഷനുകളിൽ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുന്നതായാണ് കമ്മീഷന്റെ പൊലീസ് വിങ് കണ്ടെത്തിയത്

ബംഗളൂരു: ബംഗളൂരു നഗരത്തിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ കർണാടക സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നടത്തിയ മിന്നൽ റെയ്ഡിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ രണ്ട് പേരെ പൊലീസ് സ്റ്റേഷനുകളിൽ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുന്നതായാണ് കമ്മീഷന്റെ പൊലീസ് വിങ് കണ്ടെത്തിയത്. ആർഎംസി യാർഡ്, കോതനൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് മനുഷ്യാവകാശ കമ്മീഷൻ അപ്രതീക്ഷിത പരിശോധന നടത്തിയത്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അശാന്ത് നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് പിന്നിൽ. തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ പണവും സ്വർണവും ആവശ്യപ്പെട്ടിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ആർഎംസി യാർഡ് പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് നഗരത്തിലെ പ്രമുഖ ജ്വല്ലറി വ്യാപാരിയായ രാജേഷ് കുമാർ മേത്തയെ രണ്ട് ദിവസമായി അനധികൃത കസ്റ്റഡിയിൽ വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഒരു ഭവനഭേദനക്കേസിലെ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പൊലീസ് പിടിച്ചുവെച്ചത്. മോഷ്ടിച്ച ആഭരണങ്ങൾ രാജേഷിനാണ് വിറ്റതെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ രാജേഷ്, തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ തയ്യാറായെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ല. പകരം കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ ഒരു കിലോ സ്വർണം നൽകണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ഭീഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി കമ്മീഷൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
കോതനൂർ പൊലീസ് സ്റ്റേഷനിൽ നടന്ന രണ്ടാമത്തെ പരിശോധനയിൽ ഫർദീൻ പാഷ എന്ന സ്വകാര്യ കമ്പനി ജീവനക്കാരനെ മൂന്ന് ദിവസമായി അനധികൃത തടങ്കലിൽ വെച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അന്വേഷണത്തിന്റെ പേരിലാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ഇയാളെ വിട്ടയക്കണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. റെയ്ഡ് നടക്കുന്ന സമയത്ത് ഈ രണ്ട് സ്റ്റേഷനുകളിലും തടങ്കലിൽ കഴിഞ്ഞിരുന്ന മേത്തയ്ക്കും പാഷയ്ക്കുമെതിരെ യാതൊരുവിധ ഔദ്യോഗിക കേസുകളും രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് കമ്മീഷൻ സ്ഥിരീകരിച്ചു. തുടർന്ന് കമ്മീഷൻ ഉദ്യോഗസ്ഥർ ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും അവരുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ മനുഷ്യാവകാശ ലംഘനവും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യലുമാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. നിയമവിരുദ്ധമായി തടങ്കലിൽ വെക്കൽ, അധികാര ദുർവിനിയോഗം, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രണ്ട് പൊലീസ് സ്റ്റേഷനുകളിലെയും ഇൻസ്പെക്ടർമാർക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു.
Adjust Story Font
16

