കർണാടകയിൽ കാലികളെ അറുത്താൽ വീടുകൾ സീൽ ചെയ്യുമെന്ന് മസ്ജിദുകളിൽ കയറി പൊലീസ് ഭീഷണിയെന്ന് പരാതി
പ്രാർഥനക്കെത്തിയവരെ തടഞ്ഞുനിർത്തി കന്നുകാലി കശാപ്പ് നിയമത്തിലെ വ്യവസ്ഥകൾ വിശദീകരിച്ച ശേഷം നിയമലംഘകരുടെ വീടുകൾ കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്.

മംഗളൂരു: കശാപ്പുകാർക്ക് പശുവിനെയും കിടാക്കളേയും വിറ്റെന്ന് ആരോപിച്ച് പൊലീസ് മുസ്‌ലിം സ്ത്രീയുടെ വീട് സീൽ ചെയ്ത ദക്ഷിണ കന്നട ജില്ലയിൽ സമാന ഭീഷണി പല മേഖലയിലുമുള്ളതായി റിപ്പോർട്ട്. കർണാടക കശാപ്പ് നിരോധന- കന്നുകാലി സംരക്ഷണ നിയമത്തെക്കുറിച്ചുള്ള ബോധവത്കരണമെന്ന വ്യാജേന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ മുസ്‌ലിം ആരാധനാലയങ്ങൾ സന്ദർശിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ധർമസ്ഥലയിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ കൊക്കടയിലെ പള്ളി സന്ദർശിച്ച് കാലികളെ അടുത്താൽ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ മുനീർ കാട്ടിപ്പള്ള വെസ്റ്റേൺ റേഞ്ച് പൊലീസ് ഐജിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഭരണഘടനാ വിരുദ്ധവും വിവേചനപരവുമായ ഈ നടപടി പൊലീസ് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുള്ള്യ സെൻട്രൽ ജുമാ മസ്ജിദ്, മൊഗർപ്പനെ ജുമാ മസ്ജിദ്, ദുഗലഡ്ക മസ്ജിദ്, സുന്നമൂലെ, കുംഭക്കോട്, അരാന്തോഡ് എന്നിവയുൾപ്പെടെ സുള്ള്യ താലൂക്കിലുടനീളമുള്ള പള്ളികളിലും സമാന സന്ദർശനം നടന്നു. പ്രാർഥനക്കെത്തിയവരെ തടഞ്ഞുനിർത്തി കന്നുകാലി കശാപ്പ് നിയമത്തിലെ വ്യവസ്ഥകൾ വിശദീകരിച്ച ശേഷം നിയമലംഘകരുടെ വീടുകൾ കണ്ടുകെട്ടുമെന്ന് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ട്. കർണാടക ഗോവധ നിയമം ലംഘിക്കുന്നത് മുസ്‌ലിംകൾ മാത്രമാണെന്നും അതിനാൽ ഒരു സമൂഹത്തെ മുഴുവൻ കുറ്റവാളികളാക്കുന്നതിന് തുല്യമാണെന്നുമുള്ള സന്ദേശമാണ് പൊലീസ് നൽകുന്നതെന്ന് പരാതിയിൽ പറയുന്നു.
ബ്രിട്ടീഷുകാർ ആദിവാസി, നാടോടി ഗ്രൂപ്പുകളെ 'ക്രിമിനൽ ഗോത്രങ്ങൾ' എന്ന് മുദ്രകുത്തിയതുപോലെ, ദക്ഷിണ കന്നഡ പൊലീസ് മുസ്‌ലിം സമൂഹത്തെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കുകയാണോ എന്ന് പരാതിയിൽ ചോദിച്ചു. 2020നും 2021നും ഇടയിൽ കാർക്കള, മൂഡ്ബിദ്രി, ബെൽത്തങ്ങാടി, ഉപ്പിനങ്ങാടി, പുത്തൂർ, ബൈന്ദൂർ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തവ ഉൾപ്പെടെ നിരവധി കന്നുകാലി മോഷണ, നിയമവിരുദ്ധ ഗതാഗത കേസുകളിൽ പ്രതികളായ പലരും മുസ്‌ലിംകളല്ലാത്തവരായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അതിന്റെ പേരിൽ ക്ഷേത്രങ്ങളിലോ മറ്റ് സമുദായ കേന്ദ്രങ്ങളിലോ സമാനമായ ബോധവത്കരണ പരിപാടികളോ സ്വത്ത് കണ്ടുകെട്ടൽ മുന്നറിയിപ്പുകളോ നടത്തിയിട്ടില്ല. പള്ളികളെ തിരഞ്ഞുപിടിച്ച് ലക്ഷ്യമിടുന്നത് പക്ഷപാതപരവും ഒരു സമുദായത്തെ കളങ്കപ്പെടുത്താനുള്ള ശ്രമവുമാണെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ മതസ്വാതന്ത്ര്യവും മതസ്ഥാപനങ്ങളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്വയംഭരണവും ഉറപ്പുനൽകുന്നുവെന്ന് പരാതിയിൽ പറയുന്നു. അതിനാൽ പൊലീസ് ഉൾപ്പെടെയുള്ള സംസ്ഥാന അധികാരികൾ ആരാധനാലയത്തിനുള്ളിൽ, പ്രത്യേകിച്ച് ഗോവധം പോലുള്ള സങ്കീർണ വിഷയത്തിൽ ഇടപെടുന്നത് വിശ്വാസപരമായ കാര്യങ്ങളിൽ സംസ്ഥാന നിഷ്പക്ഷത എന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണ്.
1963ലെ കർണാടക പൊലീസ് ആക്ട്, പൊലീസ് ചുമതലകൾ ഏകപക്ഷീയമായിട്ടല്ല, നിയമപരമായ ചട്ടക്കൂടിനുള്ളിലും യോഗ്യതയുള്ള അധികാരത്തിന് കീഴിലും നിർവഹിക്കണമെന്ന് നിർദേശിക്കുന്നു. ഒരു മതസ്ഥലത്തിനുള്ളിൽ ഒരു പ്രത്യേക നിയമത്തെക്കുറിച്ച് അനൗദ്യോഗിക അവബോധ കാമ്പയിൻ നടത്തുകയും അത് ഒരു പ്രത്യേക സമൂഹത്തിന് മാത്രമേ ബാധകമാകൂ എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നത് അധികാര ദുർവിനിയോഗത്തിനും നിയമലംഘനത്തിനും തുല്യമാണെന്നും പരാതിയിൽ വിശദമാക്കുന്നു.
പശുവിനെയും കിടാക്കളേയും കശാപ്പുകാർക്ക് വിറ്റെന്ന് ആരോപിച്ച് പത്രമേ ഗ്രാമത്തിലെ പട്ടുരു നിവാസി സുഹറയുടെ വീട് പൊലീസ് സീൽ ചെയ്തിരുന്നു. തുടർന്ന്, ബെൽത്തങ്ങാടി താലൂക്ക് സിപിഎം സെക്രട്ടറി അഡ്വ. ബി.എം ഭട്ട് പൊലീസ് അതിക്രമം സംബന്ധിച്ച് നിവേദനം നൽകിയതിനത്തുടർന്ന് പുത്തൂർ പൊലീസ് അസി. കമ്മിഷണർ സ്റ്റെല്ല വർഗീസ് പൊലീസ് നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

