Quantcast

'ഇന്ത്യന്‍ പുരുഷന്മാരോടാണ്, ഇങ്ങനെ നോക്കി നില്‍ക്കാന്‍, ഞാന്‍ ഒരു മൃഗമല്ല'; ഹിമാചലിൽ നേരിട്ട ദുരനുഭവം പങ്കുവെച്ച് പോളിഷ് യുവതി

ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ അയാള്‍ പിന്തുടരുകയാണെന്നും ഇത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമാണ് യുവതി പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    23 May 2025 11:25 AM IST

Polish woman
X

ഷിംല: ഹിമാചല്‍ പ്രദേശിലെ ട്രെക്കിങ്ങിനിടെ താന്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച് പോളിഷ് യുവതി. ഹിമാചല്‍ പ്രദേശിലൂടെയുള്ള സോളോ ട്രെക്കിംഗിനിടെ സംഭവിച്ച ഒരു മോശം സംഭവമാണ് കാസിയ എന്ന പോളിഷ് യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപമുള്ള ഒരു മലയോര പാതയിലൂടെ നടക്കുമ്പോള്‍ ഒരു പുരുഷന്‍ തന്നെ പിന്തുടര്‍ന്ന് ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിച്ചതായി യുവതി പറഞ്ഞു. ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ അയാള്‍ പിന്തുടരുകയാണെന്നും ഇത് വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമാണ് യുവതി പറഞ്ഞത്.

''എന്‍റെ കൂടെ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ തന്നെ, വേണ്ട, താല്‍പര്യമില്ലെന്ന് അയാളോട് പറഞ്ഞു. കാരണം എനിക്ക് സംസാരിക്കാനോ ഫോട്ടോ എടുക്കാനോ തോന്നിയില്ല. എനിക്ക് ഒറ്റക്ക ചിലവിടാനായിരുന്നു താല്‍പര്യം. ഇന്ത്യയില്‍ അപരിചിതരുമായി സംസാരിക്കുകയും പലര്‍ക്കുമൊപ്പം നിരവധി സെല്‍ഫികള്‍ക്ക് എടുത്തിട്ടുണ്ട്. ഈ അനുഭവത്തോടെ ഇനി ഞാന്‍ അങ്ങനെ ചെയ്യില്ല,'' വിഡിയോക്ക് താഴെ അടിക്കുറിപ്പായി കാസിയ കുറിച്ചു.

പിന്തുടരുന്ന വ്യക്തിയെ പല തവണ എതിര്‍ത്തിട്ടും അയാള്‍ കാസിയയുടെ പിന്നാലെ പോകുകയും, ഹിന്ദിയില്‍ തന്നോട് ദേഷ്യപ്പെട്ടതായും കാസിയ പറഞ്ഞു. സുരക്ഷിതയല്ലെന്ന് അനുഭവപ്പെട്ടതോടെയാണ് കാസിയ വിഡിയോ റെക്കോര്‍ഡ് ചെയ്തത്. '' എനിക്ക് നിങ്ങളുടെ കൂടെ ഫോട്ടോ എടുക്കാന്‍ താല്‍പര്യമില്ല. എന്നെ പിന്തുടരുന്നത് അവസാനിപ്പിക്കു. ഇങ്ങനെ പിന്നാലെ വരുന്നത് ഇഷ്ടമാകുന്നില്ല,'' എന്ന് കാസിയ വളരെ ദേഷ്യത്തോടെ അയാളോട് പറയുന്നു. കാസിയ വിഡിയോ റെക്കോഡ് ചെയ്യുന്നത് തിരിച്ചറിഞ്ഞതോടെയാണ് അയാള്‍ കാസിയയുടെ പിന്നാലെ പോകുന്നത് അവസാനിപ്പിച്ചത്.

'മൃഗശാലയില്‍ പോയി ഫോട്ടോ എടുക്കുന്നത് പോലെ ഫോട്ടോ എടുക്കാനും നോക്കി നില്‍ക്കാനും ഞാന്‍ ഒരു മൃഗമല്ല. എനിക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ചില ഇന്ത്യന്‍ പുരുഷന്മാരോടാണ്, വ്യത്തികെട്ട രീതിയില്‍ നോക്കരുത്. വിദേശവനിതകളെ ഇങ്ങനെ വ്യത്തികെട്ട രീതിയില്‍ തുറിച്ചു നോക്കിയാല്‍ നിങ്ങളോട് സംസാരിക്കാന്‍ പോലും ഞങ്ങള്‍ക്ക് തോന്നണമെന്നില്ല. എന്നെ എന്റെ വഴിക്ക് വിടൂ'', വിഡിയോക്ക് താഴെ കാസിയ കുറിച്ചു. വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ കാസിയ കമന്റ് സെഷന്‍ ഓഫ് ആക്കിയിരുന്നു. ഈ ദുരനുഭവം കൊണ്ട് ഒറ്റക്ക് യാത്ര ചെയ്യുന്നത് താന്‍ നിര്‍ത്തില്ല, തുടതുരുമെന്ന് മറ്റൊരു പോസ്റ്റില്‍ കാസിയ പറഞ്ഞു.

'ഇന്ത്യ തുടക്കക്കാര്‍ക്കുള്ളതല്ല എന്നൊരു ചൊല്ലുണ്ട്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്തീകളെ ഭയപ്പെടുത്തുകയോ മുഴുവന്‍ രാജ്യത്തിനും ചീത്തപ്പേരുണ്ടാക്കുകയോ ആയിരുന്നില്ല എന്റെ ഉദ്ദേശ്യം. ഏത് രാജ്യക്കാരനോ ആകട്ടെ പുരുഷന്മാര്‍ ഒരിക്കലും ഇങ്ങനെ പെരുമാറാന്‍ പാടില്ല എന്നൊരു അവബോധം ഉണ്ടാക്കുക എന്നതായിരുന്നു വിഡിയോ പങ്കുവെച്ചതിലൂടെ എന്റെ ലക്ഷ്യം,'' കാസിയ പറഞ്ഞു.

വിനോദ സഞ്ചാര മേഖല കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഇന്നും സുരക്ഷിതരല്ല. ഇക്കാര്യം യാത്രികരായ സ്ത്രീകള്‍ പല തവണ തുറന്നു പറഞ്ഞിട്ടുണ്ട്.

TAGS :

Next Story