Quantcast

പാകിസ്താനിലേക്ക് നാടുകടത്താനായി കസ്റ്റഡിയിൽ എടുത്തു; പൂഞ്ച് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെയുള്ള ഒമ്പത് പേരെ കാണാനില്ല

നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെ സഹോദരങ്ങൾ കോടതിയെ സമീപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    1 May 2025 12:57 PM IST

പാകിസ്താനിലേക്ക് നാടുകടത്താനായി കസ്റ്റഡിയിൽ എടുത്തു; പൂഞ്ച് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെയുള്ള ഒമ്പത് പേരെ കാണാനില്ല
X

ശ്രീനഗർ: പാകിസ്താനികളെന്ന് കാണിച്ച് രാജ്യം വിടാനായി അധികൃതർ നോട്ടീസ് നൽകിയ കുടുംബത്തെക്കുറിച്ച് വിവരമില്ലെന്ന് പൊലീസ്. ജമ്മുകശ്മീർ പോലീസ് കോൺസ്റ്റബിൾ ഇഫ്താർ അലിയെയും അദ്ദേഹത്തിന്റെ എട്ട് സഹോദരങ്ങളെയുമാണ് കാണാതായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും അതിർത്തി കടത്താനായി അട്ടാരി അതിർത്തിയിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. എന്നാൽ ഇവരെക്കുറിച്ച് വിവരമില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.

ഇഫ്താർ അലി, സഹോദരന്മാരായ സുൽഫ്കാർ അലി (49), മുഹമ്മദ് ഷഫീഖ് (60), മുഹമ്മദ് ഷക്കൂർ (52), സഹോദരിമാരായ ഷാസിയ തബ്സാം (42), കൗസർ പർവീൺ (47), നസീം അക്തർ (50), അക്സീർ അക്തർ (54), നഷ്റൂൺ അക്തർ (56) എന്നിവരെയാണ് കാണാതായത്. പൂഞ്ചിലെ സാൽവ സ്വദേശികളാണ് എല്ലാവരും. 1965 ഇന്ത്യ - പാക് യുദ്ധസമയത്താണ് ഇവർ ഇന്ത്യയിലേക്ക് കുടിയേറിയത്. ദീർഘകാല, ഔദ്യോഗിക, നയതന്ത്ര വിസകളില്ലാത്ത എല്ലാ പാക് പൗരന്മാരും രാജ്യം വിടണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം സഹോദരങ്ങൾക്ക് ഞായറാഴ്ചയാണ് പൂഞ്ച് ഡെപ്യൂട്ടി കമ്മീഷൻ നോട്ടീസ് നൽകിയത്. നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെ സഹോദരങ്ങൾ കോടതിയെ സമീപിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അന്ന് രാത്രി തന്നെ പാകിസ്താനിലേക്ക് മടക്കി അയക്കാനായി ഒൻപത് പേരെയും പൊലീസ് അട്ടാരി അതിർത്തിയിലേക്ക് കൊണ്ടുപോയി.

ചൊവ്വാഴ്ച ഹരജി പരിഗണിച്ച കോടതി, ജമ്മുകശ്മീർ വിട്ടുപോകാൻ ഹരജിക്കാരോട് ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ ചെയ്യരുതെന്ന് പൊലീസിന് നിർദേശം നൽകി. അഭിഭാഷകൻ സമർപ്പിച്ച റവന്യൂ രേഖകൾ പ്രകാരം പ്രാഥമികമായി അവർ പാകിസ്താൻ പൗരന്മാരല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് രാഹുൽ ഭാരതി കശ്മീർ സർക്കാരിനും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചിരുന്നു. എതിർപ്പുണ്ടെങ്കിൽ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടു. ഹർജിക്കാരുടെ സ്വന്തം പേരിലോ, പരേതനായ പിതാവ് ഫഖുർ ദിന്നിന്റെ പേരിലോ സാൽവയിൽ സ്വന്തമായി സ്വത്തുണ്ടെങ്കിൽ അതിനെ കുറിച്ച് സത്യവാങ്മൂലം നൽകാനും പൂഞ്ച് ഡെപ്യൂട്ടി കമ്മീഷണറോട് ഹൈക്കോടതി നിർദേശിച്ചു.

ബുധനാഴ്ച, ഒൻപത് പേരും എവിടെയാണെന്ന് കോടതി ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു പൂഞ്ച് എസ്എസ്പി ഷഫ്കത്ത് ഹുസൈൻ മറുപടി നൽകിയത്. പി‌ടി‌ഐ റിപ്പോർട്ട് പ്രകാരം 27 വർഷമായി ജമ്മുകശ്മീർ പോലീസിൽ സേവനം അനുഷ്ഠിക്കുന്നയാളാണ് ഇഫ്താർ അലി. 1955 ലെ പൗരത്വ നിയമപ്രകാരം തങ്ങളുടെ പിതാവ് ഇന്ത്യൻ പൗരനാണെന്ന് സഹോദരങ്ങൾ സമർപ്പിച്ച ഹരജിയിൽ വ്യക്തമാക്കുന്നു. സാൽവ ഗ്രാമത്തിൽ ഏകദേശം 17 ഏക്കർ ഭൂമിയും ഒരു വീടും അദ്ദേഹത്തിന് സ്വന്തമായുണ്ട്. 1957-ൽ ജമ്മു കശ്മീർ ഭരണഘടന നിലവിൽ വന്ന സമയത്ത് പോലും അദ്ദേഹം ജമ്മുകശ്മീരിൽ സ്ഥിര താമസക്കാരനായിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

കേസ് ഈ മാസം 20 ന് വീണ്ടും പരിഗണിക്കും.

TAGS :

Next Story