വിദ്വേഷ പരാമർശം നടത്തിയ അനുജ് കുമാർ ചൗധുരിക്കെതിരെ പോസ്റ്റ്: യുപിയിൽ യുവാവ് അറസ്റ്റിൽ, മാപ്പ് പറയിപ്പിച്ചു
ജയിലിലടച്ച അബാദ് ഷായെക്കൊണ്ട് പൊലീസ് മാപ്പ് പറയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു

അബാദ് ഷാ -അനുജ് കുമാർ ചൗധുരി
സംഭൽ: ഹോളി ആഘോഷത്തിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു.
സംഭൽ സിറ്റി സർക്കിൾ ഓഫീസർ അനുജ് കുമാർ ചൗധുരിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട ഷാഹ്പൂർ നഗർ, കമാല്‍പൂര്‍ ഗ്രാമത്തിലെ അബാദ് ഷായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജയിലിലടച്ച യുവാവിനെക്കൊണ്ട് പൊലീസ് മാപ്പ് പറയിപ്പിക്കുകയും അതിന്റെ ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ ചൗധുരിയെ അറസ്റ്റ് ചെയ്യണമെന്നാണ് അബാദ് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നത്.
'ഈദ്(ബലിപെരുന്നാള്‍) വർഷത്തിൽ ഒരിക്കൽ വരുന്നു. മാംസവും രക്തവും കാണുന്നതില്‍ വിയോജിപ്പുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത് എന്നായിരുന്നു അബാദിന്റെ പോസ്റ്റ്. അനുജ് കുമാർ ചൗധുരിയെ അറസ്റ്റ് ചെയ്യണമെന്നും അബാദ് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ് വൈറലായതോടെയാണ് അബാദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അനുജ് കുമാര്‍ ചൗധുരി പറഞ്ഞ കാര്യങ്ങള്‍ മറ്റൊരു രൂപത്തിലാണ് അബാദ് പറഞ്ഞത്.
ഹോളി ആഘോഷങ്ങളോട് എതിര്‍പ്പുള്ളവര്‍ വീട്ടില്‍ തന്നെ കഴിയട്ടെ എന്നായിരുന്നു ചൗധരിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശം വിവാദമയതോടെ വിശദീകരണവുമായും അദ്ദേഹം രംഗത്ത് എത്തിയിരുന്നു. വർഷത്തിൽ 52 ജുമുഅ (വെള്ളിയാഴ്ച പ്രാര്‍ഥന) ഉണ്ടെങ്കിലും ഹോളിക്ക് ഒരു ദിവസമേയുള്ള. മുസ്‌ലിംകള്‍ ഈദിനായി കാത്തിരിക്കുന്നതുപോലെ ഹിന്ദുക്കൾ വർഷം മുഴുവൻ ഹോളിക്ക് കാത്തിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ഹോളിയുടെ നിറങ്ങൾ നിങ്ങളുടെ വിശ്വാസത്തെ ബാധിക്കും എന്ന് മുസ്‌ലിം സമുദായത്തിലെ ആളുകൾക്ക് തോന്നുന്നുവെങ്കിൽ, ആ ദിവസം വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന പരാമര്‍ശം അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെ ഈ പരാമർശത്തെ പിന്തുണക്കുകയും ചെയ്തിരുന്നു.
അതേസമയം അറസ്റ്റിലായ അബാദിനെ ജയിലിനുള്ളില്‍ വെച്ച് മാപ്പ് പറയിപ്പിക്കുന്ന വീഡിയോയും പുറത്തായി. ' ഞാന്‍ കമാല്‍പൂര്‍ ഗ്രാമത്തിലെ താമസക്കാരനാണ്. സര്‍ക്കിള്‍ ഓഫീസറെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഈ തെറ്റ് ഇനി ആവര്‍ത്തിക്കില്ല. പൊലീസ് വകുപ്പിനെ ഞാന്‍ ബഹുമാനിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കൂ- ഇങ്ങനെയായിരുന്നു അബാദിന്റെ വാക്കുകള്‍.
Adjust Story Font
16

