'അമിത് ഷാക്ക് പകരം പോസ്റ്ററിൽ സന്താന ഭാരതി': സ്വന്തം നേതാവിനെ അറിയില്ലേയെന്ന് ഡിഎംകെ പ്രവർത്തകർ
റാനിപത്ത്, ആറക്കോണം എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നത്.

ചെന്നൈ: തമിഴ്നാട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സ്വാഗതം ചെയ്തുള്ള പോസ്റ്ററുകളില്‍ ചിത്രമായി ഉൾപ്പെടുത്തിയത് സംവിധായകനും നടനുമായ സന്താന ഭാരതിയുടെത്.
റാനിപത്ത്, ആറക്കോണം എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നത്. അതേസമയം പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. സ്വന്തം നേതാവിനെ അറിയാത്തവരാണോ ബിജെപിക്കാരെന്ന് പോസ്റ്ററുകൾ പങ്കുവെച്ച് ഡിഎംകെ പ്രവർത്തകർ ചോദിക്കുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായുമായി രൂപസാദൃശ്യമുള്ളയാളാണ് സന്താന ഭാരതി.
എന്നാൽ വിവാദ പോസ്റ്ററുകളെക്കുറിച്ച് ബിജെപി പ്രതികരിച്ചിട്ടില്ല. 56ാമത് സിഐഎസ്എഫ് റൈസിങ് ഡെ ആഘോഷങ്ങൾക്കായാണ് അമിത് ഷാ വെളളിയാഴ്ച തമിഴ്‌നാട്ടിലെത്തിയത്. വര്‍ത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്ന് അമിത് ഷായെ വിശേഷിപ്പിച്ച പോസ്റ്ററില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അരുള്‍മൊഴിയുടെ പേരുമുണ്ട്.
അതേസമയം തന്റെ അറിവോടെയല്ല പോസ്റ്ററുകൾ പതിച്ചതെന്ന് അരുൾ മൊഴി വ്യക്തമാക്കി. പോസ്റ്ററിൽ എവിടെ നിന്നാണ് പ്രിന്റ് ചെയ്തതെന്ന് വ്യക്തമാക്കുന്നില്ലെന്നും ബിജെപിയെ അവഹേളിക്കാൻ ആരോ മനപ്പൂർവം സൃഷ്ടിച്ചതാണ് ഈ പോസ്റ്ററുകളെന്നും അദ്ദേഹം പറയുന്നു. പിന്നാലെ അദ്ദേഹം പൊലീസിൽ പരാതി നൽകുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
Adjust Story Font
16

