ചലച്ചിത്രമേളയിൽ ഫലസ്തീൻ സിനിമകൾ വിലക്കി കേന്ദ്രം; ഫലസ്തീൻ കവിത ചൊല്ലി പ്രതിഷേധമറിയിച്ച് പ്രകാശ് രാജ്; സിദ്ധരാമയ്യ ഇടപെടണമെന്നും ആവശ്യം
കലയ്ക്ക് മേലുള്ള ഇത്തരം നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് നടൻ വ്യക്തമാക്കി

- Published:
31 Jan 2026 1:11 PM IST

ബംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള (BIFFes)യിൽ നാല് ഫലസ്തീൻ സിനിമകൾക്ക് പ്രദർശനാനുമതി വിലക്കിയ കേന്ദ്ര നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്. കലയ്ക്ക് മേലുള്ള ഇത്തരം നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വേദിയിൽ പ്രതിഷേധ സൂചകമായി ഫലസ്തീൻ കവിത വായിക്കുകയും ചെയ്തു. കഴിഞ്ഞദിവസം, ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രകാശ് രാജിന്റെ പ്രതിഷേധം.
വൈവിധ്യമാർന്ന മനുഷ്യാനുഭവങ്ങൾ പങ്കുവയ്ക്കുന്നതിൽ ചലച്ചിത്രമേളകളുടെ പങ്ക് ചൂണ്ടിക്കാട്ടിയ രാജ്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങളെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിലും സമാന വിലക്കുണ്ടായപ്പോൾ സംസ്ഥാന സർക്കാർ അതിനെ ചെറുക്കുകയും ചിത്രത്തിന്റെ പ്രദർശനവുമായി മുന്നോട്ട് പോവുകയും ചെയ്തെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. പ്രശ്നത്തിൽ സംസ്ഥാന സർക്കാർ ഇടപെടാത്ത സാഹചര്യത്തിലായിരുന്നു നടന്റെ വിമർശനം.
"രാഷ്ട്രീയം കലാമേളകളിലേക്കും കടന്നുവന്നിരിക്കുന്നു. വളരെ മനോഹരമായി പുരോഗമിച്ചുകൊണ്ടിരുന്ന ഒരു പരിപാടിയിൽ കേന്ദ്രസർക്കാർ ഫലസ്തീൻ സിനിമകൾ പ്രദർശിപ്പിക്കുന്നത് തടഞ്ഞിരിക്കുന്നു. എന്താണ് ഇതിനർഥം? ഒരു സർക്കാർ എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും നിങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കണം"- പ്രകാശ് രാജ് വ്യക്തമാക്കി. ചലച്ചിത്രമേള അംബാസഡർ എന്ന നിലയിലാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
മേളയിൽ നാല് ഫലസ്തീൻ ചിത്രങ്ങൾക്ക് പ്രദർശനാനുനുമതി നിഷേധിച്ചതിനെതിരെയാണ് പ്രകാശ് രാജ് അടക്കമുള്ള ചലച്ചിത്ര പ്രവർത്തകരും സാംസ്‌കാരിക നായകരും രംഗത്തെത്തിയത്. അതേസമയം, മറ്റ് രാജ്യങ്ങളിലെ ആളുകൾ എങ്ങനെ ജീവിക്കുന്നു എന്നത് മനസിലാക്കുകയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ദേശ്യമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ, പ്രകാശ് രാജ് ഉന്നയിച്ച വിവാദത്തിൽ അദ്ദേഹം പ്രതികരിച്ചില്ല.
Adjust Story Font
16
