Quantcast

ക്ലാസ് സമയം സവർക്കർ അനുസ്മരണ പരിപാടിയിലേക്ക് വിദ്യാർഥിനികളെ പറഞ്ഞയച്ച് പ്രിൻസിപ്പൽ; വിവാദം

ബിജെപി നേതാവും മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പയും മകൻ കാന്തേഷും പരിപാടിയിൽ പങ്കെടുത്തിരുന്നു.

MediaOne Logo

Web Desk

  • Published:

    21 Dec 2023 4:27 PM GMT

Principal sends students to participation in Savarkar event in Karnataka
X

ബെം​ഗളൂരു: ക്ലാസ് സമയത്ത് വിദ്യാർഥിനികളെ ആർഎസ്എസ് ആചാര്യൻ വി.ഡി സവർക്കറെ അനുസ്മരിക്കുന്ന പരിപാടിയിലേക്ക് പറഞ്ഞയച്ച് പ്രിൻസിപ്പൽ. കർണാടകയിലെ ഹവേരി ജില്ലയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് ഫോർ ഗേൾസ് കോളജിലെ വിദ്യാർഥിനികളെയാണ് പ്രിൻസിപ്പൽ കൃഷ്ണപ്പ 'വീര സവർക്കർ സംസാരണേ' എന്ന പരിപാടിയിലേക്ക് പറഞ്ഞയച്ചത്. സംഭവത്തിൽ പ്രിൻസിപ്പലിനെതിരെ നടപടിക്കൊരുങ്ങുകയാണ് അധികൃതർ.

ബിജെപി നേതാവും മുൻ മന്ത്രിയുമായ കെ.എസ് ഈശ്വരപ്പയും മകൻ കാന്തേഷും പരിപാടിയിൽ പങ്കെടുത്തിരുന്നു. വിഷയത്തിൽ ഇടപെട്ട വിദ്യാഭ്യാസ വകുപ്പ്, പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കി. വ്യാഴാഴ്ച പ്രിൻസിപ്പൽ സെക്രട്ടറി റിതേഷ് കുമാർ സിങ്, ഹാവേരി ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സിഇഒ) അക്ഷയ ശ്രീധർ എന്നിവർ കോളജ് സന്ദർശിച്ചപ്പോഴാണ് ഹാജർ നിലയിൽ ഗണ്യമായ കുറവ് കണ്ടത്.

അന്വേഷണത്തിൽ, 95 വിദ്യാർഥിനികൾ സ്കൂളിലില്ലെന്ന് ബോധ്യമായി. ഡിസംബർ 17ന് നടക്കാനിരിക്കുന്ന 'വീര സവർക്കർ സംസാരേണ' പരിപാടിയുടെ റിഹേൽസലിൽ പങ്കെടുക്കാനാണ് ഇവർ പോയതെന്നും കണ്ടെത്തി. ഇതിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ച പ്രിൻസിപ്പൽ സെക്രട്ടറി റിതേഷ്, വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിന് വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ പഞ്ചായത്ത് സിഇഒയോട് നിർദേശിച്ചു.

ഇതു പ്രകാരം, സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ചതായി പ്രീ-യൂണിവേഴ്സിറ്റി ബോർഡ് ഹവേരി ഡെപ്യൂട്ടി ഡയറക്ടർ ഉമേശപ്പ സ്ഥിരീകരിച്ചു. വകുപ്പ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ പരിപാടികൾക്ക് പുറത്തുള്ള സ്വകാര്യ പരിപാടികളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ അയച്ചതിലൂടെ പ്രിൻസിപ്പൽ കെ കൃഷ്ണപ്പ അനാസ്ഥ കാട്ടിയതായി വകുപ്പിന് അയച്ച റിപ്പോർട്ടിൽ പഞ്ചായത്ത് സിഇഒ വ്യക്തമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പ്രിൻസിപ്പൽ സെക്രട്ടറി റിതേഷ് കുമാർ വ്യക്തമാക്കി. അതിനിടെ, സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ ഉറപ്പ് നൽകി. എന്നാൽ 12 മണിക്ക് അവസാനിച്ച പതിവ് ക്ലാസ് സമയത്തിന് ശേഷമാണ് വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തതെന്നാണ് പ്രിൻസിപ്പലിന്റെ ന്യായീകരണം.

TAGS :

Next Story