Quantcast

'മതവികാരം വ്രണപ്പെടുത്തും'; മാണ്ഡ്യ ഗവ. സ്‌കൂളിൽ മുട്ട വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധം

സ്‌കൂളിൽ ആകെയുള്ള 120 വിദ്യാർഥികളിൽ 80 ഓളം പേർ സസ്യാഹാരികളാണെന്നും അവർ മുട്ട കഴിക്കുന്നില്ലെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    23 July 2025 10:10 PM IST

egg_health
X

മംഗളൂരു: കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. മാണ്ഡ്യ ഗവ. സ്‌കൂളിലാണ് രക്ഷിതാക്കൾ പ്രതിഷേധിച്ചത്. മുട്ട വിതരണം തുടർന്നാൽ കുട്ടികളെ പിൻവലിക്കും എന്നാണ് ഭീഷണി. അളകെരെ ഗ്രാമത്തിലെ ഗവ. ഹയർ പ്രൈമറി സ്‌കൂളിലെ ഒരു വിഭാഗം വിദ്യാർഥികളുടെ രക്ഷിതാക്കളാണ് പ്രതിഷേധിച്ചത്. സർക്കാർ ഒന്നുകിൽ മുട്ട വിതരണം നിർത്തുക, അല്ലെങ്കിൽ കുട്ടികളുടെ ടിസി തരുക എന്ന ആവശ്യവുമായി രക്ഷിതാക്കൾ സ്‌കൂളിൽ സംഘടിച്ചെത്തി.

സ്‌കൂളിൽ ആകെയുള്ള 120 വിദ്യാർഥികളിൽ 80 ഓളം പേർ സസ്യാഹാരികളാണെന്നും അവർ മുട്ട കഴിക്കുന്നില്ലെന്നും പ്രതിഷേധക്കാർ അവകാശപ്പെട്ടു. സ്‌കൂൾ ക്ഷേത്രത്തിനടുത്തായതിനാൽ മുട്ട വിതരണം ഗ്രാമവാസികളുടെ മതവികാരം വ്രണപ്പെടുത്തുമെന്ന് രക്ഷിതാക്കൾ വാദിച്ചു. വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് മാംസാഹാരം നിരോധിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ഗ്രാമത്തിൽ വർഷങ്ങളായി ഈ പാരമ്പര്യം പിന്തുടരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി മുട്ടക്ക് പകരം വാഴപ്പഴവും ചിക്കി ബാറുകളും വിദ്യാർഥികൾക്ക് നൽകുന്നുണ്ട്.

സ്‌കൂൾ കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി മൂന്ന് വർഷം മുമ്പ് സർക്കാർ മുട്ട വിതരണം ആരംഭിച്ചപ്പോൾ സ്‌കൂൾ വികസന മാനേജ്‌മെന്റ് കമ്മിറ്റി (എസ്ഡിഎംസി) ഈ തീരുമാനം എടുത്തിരുന്നു. നിലവിൽ എല്ലാ വിദ്യാർഥികൾക്കും വാഴപ്പഴവും ചിക്കി ബാറുകളും നൽകുന്നുണ്ട്. എന്നാൽ ഗ്രാമവാസികളിൽ ഒരു വിഭാഗത്തിന്റെ അഭ്യർഥന മാനിച്ചാണ് മുട്ട കഴിക്കുന്ന വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

ഗ്രാമത്തിലെ ഭൂരിഭാഗം വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ കുട്ടികൾക്ക് വീടുകളിൽ മുട്ട നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് സസ്യാഹാരികളായ വിദ്യാർഥികളുടെ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

TAGS :

Next Story