എഐ ഉച്ചകോടിയിലെ പ്രതിഷേധം; ഉദയ് ഭാനു ചിബ് ജയിൽ മോചിതനായി
സെഷൻസ് കോടതിയുടെ സ്റ്റേ നീക്കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

ന്യൂഡൽഹി: എഐ ഉച്ചകോടിക്കിടെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് ജയിൽ മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് ജയിൽ മോചിതനായത്. സെഷൻസ് കോടതിയുടെ സ്റ്റേ നീക്കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഉദയ് ഭാനു ചിബ് ഉൾപ്പെടെ എട്ട് പേരെയാണ് എഐ ഉച്ചകോടിയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തത്. വൻ ഗുഢാലോചനയുടെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അതിന് തെളിവുണ്ടെന്നുമാണ് പൊലീസ് വാദം. ക്രിമിനല്‍ ഗൂഢാലോചന, പൊതുപ്രവര്‍ത്തകനെ ബോധപൂര്‍വം ഉപദ്രവിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍, നിയമലംഘനം, കലാപക്കുറ്റം എന്നിവയാണ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരുന്നത്.
കര്‍ഷകരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന തരത്തില്‍ അമേരിക്കയ്ക്ക് മാത്രം ഗുണകരമാകുന്ന വ്യാപാര കരാറുകള്‍ക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്ന് ഉദയ് ഭാനു ചിബ് പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കള്‍ ഇനി നിശബ്ദരായിരിക്കില്ലെന്നും ദശലക്ഷക്കണക്കിന് തൊഴില്‍ രഹിതരായ യുവാക്കളുടെ രോഷമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്‌നമാണെന്ന് പ്രധാനമന്ത്രി പരിഹസിക്കുകയും ചെയ്തിരുന്നു.
അറസ്റ്റ് പ്രധാനമന്ത്രിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തിന്റെയും ഭീരുത്വത്തിന്റെയും തെളിവാണ്. പ്രതിഷേധിച്ച പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Adjust Story Font
16

