Quantcast

'നീ' എന്നതിന് പകരം അന്ന് 'നിങ്ങള്‍' എന്ന് അഞ്ജലിയുടെ മെസ്സേജ്; പബ്ജിയിലൂടെ തുടങ്ങിയ സൗഹൃദം പ്രണയമായി, ഒടുവില്‍ കൊലപാതകത്തില്‍ അവസാനം

ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ (PUBG) പരിചയപ്പെട്ട യുവാവ് യുവതിയെ ഫ്ലാറ്റിൽ കയറി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2026-11-25 18:47:50

Published:

25 Nov 2026 10:31 PM IST

നീ എന്നതിന് പകരം അന്ന് നിങ്ങള്‍ എന്ന് അഞ്ജലിയുടെ മെസ്സേജ്; പബ്ജിയിലൂടെ തുടങ്ങിയ സൗഹൃദം പ്രണയമായി, ഒടുവില്‍ കൊലപാതകത്തില്‍ അവസാനം
X

കൊൽക്കത്ത: ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ (PUBG) പരിചയപ്പെട്ട യുവാവ് യുവതിയെ ഫ്ലാറ്റിൽ കയറി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ ബാരക്പൂർ ജില്ലയിലുള്ള ബരാനഗറിലാണ് സംഭവം. പ്രാദേശിക ബിജെപി നേതാവ് രാജേന്ദർ ഷായുടെ മകൾ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഡൽഹി സ്വദേശിയായ ധരംവീർ എന്ന 'നിക് രജ്പുത്തിനെ' പോലീസ് അറസ്റ്റ് ചെയ്തു.

നവംബർ 10നാണ് അഞ്ജലിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വന്തം ദുപ്പട്ട ഉപയോഗിച്ച് കഴുത്തുമുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനുശേഷം കടന്നുകളഞ്ഞ ധരംവീറിനെ ഡൽഹിയിലെ ആനന്ദ് വിഹാർ ഐഎസ്ബിടിയിൽനിന്ന് പൊലീസ് പിടികൂടി.

രോഗശയ്യയിൽ തുടങ്ങിയ ഗെയിമിംഗ്

2021 മുതൽ ക്ഷയരോഗബാധിതയായിരുന്നു അഞ്ജലി. അസുഖം കാരണം പകൽ സമയങ്ങളിൽ ഭൂരിഭാഗവും കിടപ്പിലായിരുന്ന യുവതി പതിയെ വീഡിയോ ഗെയിമുകൾക്ക് അടിമയായി. ഇന്ത്യയിൽ നിരോധിച്ച പബ്ജി ഗെയിമിലൂടെയാണ് 2021-ൽ അഞ്ജലി പ്രതിയെ പരിചയപ്പെടുന്നത്. ഓണലൈനായി കളിക്കുന്ന ഈ ഗെയിമിൽ 'നിക് രജ്പുത്' (Nick Rajput) എന്ന പേരിലാണ് പ്രതി അഞ്ജലിയുമായി അടുത്തത്.

പശ്ചിമ ബംഗാളിലെ ബരാനഗറിൽ അറിയപ്പെടുന്നയാളാണ് അഞ്ജലിയുടെ പിതാവ് രാജേന്ദർ ഷാ . 1996ൽ ബിജെപി സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിലും 2021ൽ തദ്ദേശ തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നു.

കൊൽക്കത്തയിൽനിന്ന് ഏകദേശം 25 കിലോമീറ്റർ അകലെ ബാരക്ക്പൂർ ജില്ലയിലുള്ള ബരാനഗറിലെ ശ്രദ്ധാഞ്ജലി അപ്പാർട്ട്മെൻ്റിലായിരുന്നു ഷാ കുടുംബം താമസിച്ചിരുന്നത്.

ഒഴിഞ്ഞ ഫ്ലാറ്റിലേക്ക് പോയത് സുഹൃത്തിനെ കാണാൻ

നവംബർ 10ന് ഉച്ചയോടെ സഹോദരി അനന്യയുടെ ഒഴിഞ്ഞുകിടന്ന ഫ്ലാറ്റിലേക്ക് പോകണമെന്ന് അഞ്ജലി അമ്മയോട് പറഞ്ഞു.ശിവാനന്ദ് ജി മഹാരാജിൻ്റെ ഭക്തയായ തനിക്ക് അവിടെയിരുന്ന് ധ്യാനിക്കണമെന്നായിരുന്നു അഞ്ജലിയുടെ ആവശ്യം. ആദ്യം വിസമ്മതിച്ചെങ്കിലും അഞ്ജലി വാശിപിടിച്ചതോടെ അമ്മ സമ്മതിക്കുകയായിരുന്നു.

ഫ്ലാറ്റിലെത്തിയ അഞ്ജലിയെ കാണാൻ ഒരു മണിക്കൂറിന് ശേഷം ഡൽഹിയിൽ നിന്നെത്തിയ 'നിക് രജ്പുത്' എത്തി. യുവാവിനൊപ്പം തനിച്ചിരിക്കാനാണ് അഞ്ജലി സഹോദരിയുടെ ഒഴിഞ്ഞ ഫ്ലാറ്റിലേക്ക് പോയതെന്ന് പൊലീസ് പറയുന്നു.

നിർണായകമായ ആ വാട്സ്ആപ്പ് സന്ദേശം

വൈകുന്നേരം 4.30 ആയിട്ടും അഞ്ജലി ഫോൺ എടുക്കാതായതോടെ അമ്മയ്ക്ക് സംശയമായി. തുടർന്ന് അമ്മയുടെ നിർദ്ദേശപ്രകാരം സഹോദരി അനന്യ വിളിച്ചെങ്കിലും അഞ്ജലി ഫോൺ എടുത്തില്ല. എന്നാൽ, തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കാണിച്ച് അഞ്ജലിയുടെ ഫോണിൽ നിന്ന് അനന്യയ്ക്ക് ഒരു സന്ദേശം വന്നു.

സാധാരണയായി സഹോദരിയെ 'തു' (നീ) എന്ന് സംബോധന ചെയ്യാറുള്ള അഞ്ജലി സന്ദേശത്തില്‍ 'ആപ്' (നിങ്ങള്‍) എന്ന് ബഹുമാനത്തോടെ എഴുതിയത് പിതാവ് രാജേന്ദര്‍ ഷായില്‍ സംശയമുണര്‍ത്തി.

ഉടൻ തന്നെ അയൽവാസികളെ വിളിച്ച് ഫ്ലാറ്റിൽ പോയി നോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് സ്വന്തം ദുപ്പട്ട കഴുത്തിൽ മുറുകി നിലത്ത് മരിച്ചുകിടക്കുന്ന നിലയിൽ അഞ്ജലിയെ കണ്ടെത്തിയത്.

ഡൽഹിയിലേക്ക് കടന്ന പ്രതിയെ പിടികൂടി

പെലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് അഞ്ജലിയുടെ ജീവിതത്തിൽ ഇങ്ങനെയൊരു യുവാവുള്ള വിവരം വീട്ടുകാർ പോലും അറിയുന്നത്. ഗെയിം കളിക്കുന്നത് നിർത്താൻ താൻ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും, വീട്ടിലിരുന്ന് താൻ വേറെ എന്ത് ചെയ്യാനാണ് എന്നായിരുന്നു മകളുടെ മറുപടിയെന്ന് രാജേന്ദർ ഷാ പറയന്നു.

2021-ൽ പബ്ജിയിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് ഫോൺ നമ്പറുകൾ കൈമാറുകയും വാട്സ്ആപ്പിലൂടെ നിരന്തരം ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തു. താൻ ഡൽഹിയിൽ ഒരു ജിം നടത്തുന്ന ബിസിനസുകാരനാണെന്നാണ് ഇയാൾ അഞ്ജലിയെ വിശ്വസിപ്പിച്ചിരുന്നത്. വാസ്തവത്തിൽ ഒരു പ്ലാസ്റ്റിക് ഫാക്ടറിയിലെ സാധാരണ തൊഴിലാളിയാണ് ധരംവീർ.

കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതി ഡല്‍ഹിയിലേക്ക് കടന്നതായി പോലിസ് കണ്ടെത്തി. ബാരാനഗര്‍ പോലീസ് നല്‍കിയ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ബവാനയില്‍ നിന്നും ധരംവീറിനെ പിടികൂടുകയായിരുന്നു.

വിവാഹം കഴിച്ച് തന്നെ ഡൽഹിയിലേക്ക് കൊണ്ടുപോകണമെന്ന് അഞ്ജലി നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ധരംവീറിൻ്റെ മൊഴി. തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ പ്രകോപിതനായ ധരംവീർ അഞ്ജലിയുടെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയ പ്രതി നിലവിൽ ബരാനഗർ പോലീസിന്റെ കസ്റ്റഡിയിലാണ്.

TAGS :

Next Story