Quantcast

2007ൽ ഭീകരവാദക്കേസ്, 2025ൽ കുറ്റവിമുക്തൻ, 2026ൽ വെടിയേറ്റു മരണം; മുഹമ്മദ് ഷെരീഫിന്റെ കൊലയിൽ യുപി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ

നവംബർ 10-ന് രാംപൂരിലെ ഖജൂരിയ ഗ്രാമത്തിൽ പതിവ് പൊലീസ് പരിശോധനയ്ക്ക് ഹാജരായി മടങ്ങുന്നതിനിടെയാണ് അജ്ഞാതരായ അക്രമികൾ ഷെരീഫിനെ വെടിവെച്ച് കൊലപ്പെടുത്തിയത്

MediaOne Logo
2007ൽ ഭീകരവാദക്കേസ്, 2025ൽ കുറ്റവിമുക്തൻ, 2026ൽ വെടിയേറ്റു മരണം; മുഹമ്മദ് ഷെരീഫിന്റെ കൊലയിൽ യുപി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ
X

ന്യൂഡൽഹി: 2007-ലെ രാംപൂർ സിആർപിഎഫ് ക്യാമ്പ് ആക്രമണക്കേസിൽ 18 വർഷത്തോളം ജയിൽവാസം അനുഭവിച്ച ശേഷം കോടതി കുറ്റവിമുക്തനാക്കിയ മുഹമ്മദ് ഷെരീഫ് ഖാൻ (53) ഉത്തർപ്രദേശിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ പൊലീസിന്റെ പങ്കിനെച്ചൊല്ലി ഗുരുതര ആരോപണങ്ങളുമായി കുടുംബം. നവംബർ 10-ന് രാംപൂരിലെ ഖജൂരിയ ഗ്രാമത്തിൽ വെച്ച് പതിവ് പൊലീസ് പരിശോധനയ്ക്ക് ഹാജരായി മടങ്ങുന്നതിനിടെയാണ് അജ്ഞാതരായ അക്രമികൾ ഷെരീഫിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന ദിവസം രാംപൂർ പൊലീസ് ഷെരീഫിന്റെ കുടുംബാംഗങ്ങളെ 18 തവണ ഫോണിൽ വിളിച്ചതായി 'ദി വയർ' റിപ്പോർട്ട് ചെയ്തു. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാതിരുന്ന ഷെരീഫിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താനായി ബണ്ടി എന്ന കോൺസ്റ്റബിൾ തന്റെ ഫോണിലേക്ക് 11 തവണയും സഹോദരന്റെ ഭാര്യയുടെ ഫോണിലേക്ക് ഏഴ് തവണയും വിളിച്ചതായി ഷെരീഫിന്റെ സഹോദരൻ ഷഹീൻ ഖാൻ പറഞ്ഞു. വൈകുന്നേരം നാല് മണിയോടെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെത്തിയതിനെ തുടർന്നാണ് ഷെരീഫ് ഖജൂരിയ പൊലീസ് സ്റ്റേഷനിലേക്ക് പോയത്.

പൊലീസ് സ്റ്റേഷനിൽ എത്തിയ ഷെരീഫിനെയും ഒപ്പമുണ്ടായിരുന്ന മകൻ അബു ബയീസിനെയും ഒന്നര മണിക്കൂറോളം അവിടെ കാത്തിരുത്തിയതായി ഷഹീൻ ഖാൻ ആരോപിച്ചു. എന്നാൽ ഈ സമയത്ത് സ്റ്റേഷൻ ഹൗസ് ഓഫീസറോ വിളിച്ചുവരുത്തിയ കോൺസ്റ്റബിളോ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല.

വൈകുന്നേരം 4.45-ഓടെ ഇരുവരും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ സ്റ്റേഷനിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെവെച്ച് മുഖംമൂടി ധരിച്ച രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. ഷെരീഫിന് നേരെ 16 തവണ വെടിയേറ്റതായാണ് റിപ്പോർട്ട്. മകനോട് ഓടിരക്ഷപ്പെടാൻ അക്രമികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സമീപത്തെ വയലിൽ ഒളിച്ചാണ് അബു ബയീസ് രക്ഷപ്പെട്ടത്.

ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചെന്നും ആരോപണം

ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് പൊലീസ് തടസപ്പെടുത്തിയതായും കുടുംബം ആരോപിക്കുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കുടുംബം ശ്രമിച്ചെങ്കിലും പൊലീസ് വാഹനം കുറുകെയിട്ട് തടയുകയും ബിലാസ്പൂർ തഹസീലിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർബന്ധിക്കുകയുമായിരുന്നു. ഇതുമൂലം രണ്ട് മണിക്കൂറിലധികം സമയം നഷ്ടമായെന്നും വൈകുന്നേരം 7.30-ഓടെയാണ് ആശുപത്രിയിൽ എത്തിക്കാനായതെന്നും ഷഹീൻ പറഞ്ഞു.

സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അബു ബയീസ് നൽകിയ പരാതിയിൽ ഖജൂരിയ എസ്എച്ച്ഒ മനോജ് കുമാർ പാണ്ഡെ, കോൺസ്റ്റബിൾ ബണ്ടി എന്നിവരുടെ പേരുകൾ പരാമർശിച്ചിരുന്നെങ്കിലും ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ ബണ്ടിയുടെ പേര് മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു പ്രതിയെയും പൊലീസ് വിളിച്ചുവരുത്തി

ഷെരീഫിന്റെ കൊലപാതകത്തിന് ദിവസങ്ങൾക്ക് ശേഷം, ഇതേ കേസിൽ പ്രതിചേർക്കപ്പെടുകയും 2019-ൽ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ബന്ധു ഗുലാബ് ഖാനെയും ബറേലി പൊലീസ് വെരിഫിക്കേഷനായി ബഹേരി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ജീവഭയം കാരണം താൻ സ്റ്റേഷനിൽ ഹാജരായില്ലെന്ന് ഗുലാബ് ഖാൻ പറഞ്ഞു. 11 വർഷത്തോളം ജയിൽവാസം അനുഭവിച്ച ശേഷമാണ് ഗുലാബ് ഖാൻ മോചിതനായത്.

കോടതി വിമർശനവും പൊലീസിന്റെ വിശദീകരണവും

2007 ഡിസംബർ 31-ന് എട്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട കേസിൽ അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് 2025 ഒക്ടോബർ 29-ന് അലഹബാദ് ഹൈക്കോടതി ഷെരീഫിനെയും മറ്റ് നാല് പേരെയും കുറ്റവിമുക്തരാക്കിയത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന് നടപടിയെടുക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കോടതി വെറുതെവിട്ട വ്യക്തികളെ വെരിഫിക്കേഷന്റെ പേരിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താൻ നിയമപരമായി വ്യവസ്ഥയില്ലെന്നും ഇത് മുസ്ലിം യുവാക്കളെ ഉപദ്രവിക്കാനുള്ള നീക്കമാണെന്നും കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ മുഹമ്മദ് ഷുഐബ് പ്രതികരിച്ചു.

അതേസമയം, ആരോപണങ്ങൾ ഉത്തർപ്രദേശ് പൊലീസ് നിഷേധിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ടവർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുള്ള പതിവ് നടപടി മാത്രമാണ് വെരിഫിക്കേഷനെന്നും ഇതിൽ സമ്മർദമൊന്നും ഉണ്ടായിരുന്നില്ലെന്നും രാംപൂർ എസ്പി ഓഫീസിലെ പിആർഒയും ബഹേരി സി.ഒ അരുൺ സിങ്ങും വ്യക്തമാക്കി. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മലേഷ്യയിലുള്ള രാഹുൽ സിങ് എന്നയാളുടെ പേരിൽ വന്ന സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായില്ല.

TAGS :

Next Story