'ഭീഷണി വിലപ്പോയില്ല': യുപിയിൽ കൊല്ലപ്പെട്ട ദലിത് യുവാവിന്റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി
കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുമെന്നും ദലിതർക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി

മോഷണം ആരോപിച്ച് ആൾക്കൂട്ടം അടിച്ചു കൊന്ന ദലിത് യുവാവിന്റെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി Photo- INCIndiaXpost
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മോഷണം ആരോപിച്ച് ആൾക്കൂട്ടം അടിച്ചു കൊന്ന ദലിത് യുവാവ് ഹരിയോമിൻ്റെ കുടുംബത്തെ സന്ദർശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുമെന്നും ദലിതർക്ക് എതിരായ അതിക്രമങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധി എത്തുന്നതിന് തൊട്ടുമുൻപ് കൂടിക്കാഴ്ചയ്ക്ക് തയ്യാറല്ലെന്നും യോഗി ആദിത്യനാഥ് ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും കുടുംബം പറഞ്ഞത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. എന്നാല്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഭീഷണിമൂലമാണ് കുടുംബത്തിന് അങ്ങനെ പറയേണ്ടി വന്നത് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
''ഇന്ന് രാവിലെ, തന്നെ കാണരുതെന്ന് പറഞ്ഞ് കുടുംബത്തെ സർക്കാർ ഭീഷണിപ്പെടുത്തി. ഇരകളുടെ കുടുംബം എന്നെ കാണുന്നുണ്ടോ ഇല്ലയോ എന്നതല്ല, ഇവര്‍ കുറ്റവാളികളല്ല അവർ ഒരു തെറ്റും ചെയ്തിട്ടില്ല എന്നതാണ് പ്രധാനം''- കൂടിക്കാഴ്ചക്ക് ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. കുടുംബത്തിന് കോൺഗ്രസ് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഒക്ടോബർ രണ്ടിനാണ് ഡ്രോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഫത്തേപൂര്‍ നിവാസിയായ ഹരി ഓമിനെ ആൾക്കൂട്ടം അടിച്ചു കൊന്നത്. സംഭവത്തില്‍ കോൺഗ്രസ്, സമാജ് വാദി പാർട്ടിയടക്കം പ്രതിപക്ഷ കക്ഷികൾ വലിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കുടുംബത്തെ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു നാടകീയ രംഗങ്ങൾ. രാഹുൽ ഗാന്ധിയെ കാണേണ്ടെന്ന് കുടുംബം പറയുന്ന വീഡിയോ പിന്നാലെ പുറത്തുവന്നു. കുടുംബത്തിന് വേണ്ടതെല്ലാം യോഗി ആദിത്യനാഥ് സർക്കാർ ചെയ്യുന്നുണ്ടെന്നും വിഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ സന്ദർശനത്തിന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി രാഹുൽ ഇന്ന് ഫത്തേപൂരിൽ എത്തുകയായിരുന്നു.
Adjust Story Font
16

