Quantcast

'അയോഗ്യനാക്കാം, ജയിലിലടയ്ക്കാം, ചോദ്യം നിർത്തില്ല'; കോലാറിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ

മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്തെന്ന് രാഹുൽ ഗാന്ധി

MediaOne Logo

Web Desk

  • Updated:

    2023-04-16 14:18:34.0

Published:

16 April 2023 9:52 AM GMT

അയോഗ്യനാക്കാം, ജയിലിലടയ്ക്കാം, ചോദ്യം നിർത്തില്ല; കോലാറിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ
X

കർണാടക: കോലാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദാനി ഗ്രൂപ്പ് ചെയർപേഴ്‌സൺ ഗൗതം അദാനിയെയും കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അയോഗ്യനാക്കിയാലും ജയിലിലടച്ചാലും ചോദ്യങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കില്ല. മോദി അദാനിക്ക് കോടികള്‍ നൽകുന്നു. പ്രവർത്തന പരിചയമില്ലാത്ത അദാനിക്ക് വിമാനത്താവളങ്ങൾ തീറെഴുതി കൊടുത്തു. മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണെന്നും രാഹുൽ ഗാന്ധി ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കർണാടകയിലെത്തിയതായിരുന്നു രാഹുൽ.

അദാനി ഷെൽ കമ്പനികളിലെ ഇരുപതിനായിരം കോടി രൂപ ആരുടേതെന്ന ചോദ്യമാണ് താൻ പലതവണ ചോദിച്ചത്. എന്നാൽ മറുപടി പറയാതെ പാർലമെൻറ് സ്തംഭിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനി അഴിമതി ചിഹ്നമാണെന്നും അദാനിയെ കുറിച്ച് ചോദിക്കുന്നത് മോദി ഭയക്കുക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം യു.പി.എ സർക്കാർ നടത്തിയ ജാതി സെൻസസ് വിവരങ്ങൾ പുറത്തിവിടണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

പുതിയ സർക്കാർ കോൺഗ്രസിന്റേതാകും എന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ പ്രസംഗം തുടങ്ങിയത്. അതോടൊപ്പം നാല് സുപ്രധാന പദ്ധതികളും കർണാടകയിലെ ജനങ്ങൾക്ക് മുമ്പിൽ അദ്ദേഹം വാഗ്ദാനം ചെയ്തു. ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്നഭാനി, യുവനിധി എന്നീ പദ്ധതികൾ കോൺഗ്രസ് അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. ഗൃഹജ്യോതി സമ്പൂർണ വൈദ്യുതി വൽക്കരണവും ഗൃഹലക്ഷ്മി വീട്ടമ്മമാരുടെ ക്ഷേമം മുൻനിർത്തിയുള്ളതുമാണ്. അന്നഭാനി ദരിദ്ര ജനവിഭാഗങ്ങൾക്ക് അരി എത്തിക്കുന്നതുമായി ബന്ധപ്പെട്ടതും യുവനിധി തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 3000 രൂപ പ്രതിമാസം നൽകുന്ന പദ്ധതിയുമാണ്.

''ഇനി വരാൻ പോകുന്നത് നമ്മുടെ ദിനങ്ങളാണ്. കോൺഗ്രസിന്റെ സർക്കാരാണ് കർണാടകയിൽ അധികാരത്തിൽ വരുന്നത്. ഇതെല്ലാം അവർക്ക് വേണ്ടി തുടക്കത്തിലേ ചെയ്യണം. അതിനുവേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. കർണാടകയിലെ ബി.ജെ.പി സർക്കാർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. ഇത്തവണ ജനം നിങ്ങൾക്ക് (ബി.ജെ.പിക്ക്) വോട്ട് നൽകില്ല'' രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി ഏതുവിധേനയും അധികാരത്തിലെത്താൻ ശ്രമിക്കും. കോൺഗ്രസ് കർണാടകത്തിൽ ഒറ്റക്കെട്ടായി മുന്നേറുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. 150 ൽ അധികം സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ വരുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.



TAGS :

Next Story