'തുടച്ചുനീക്കപ്പെടേണ്ടവയല്ല ഈ മിണ്ടാപ്രാണികൾ, ബദൽ മാർഗങ്ങളുണ്ട്'; തെരുവുനായ വിഷയത്തിൽ രാഹുൽ ഗാന്ധി
ഡല്‍ഹിയിലെ മുഴുവന്‍ തെരുവ് നായ്ക്കളേയും രണ്ട് മാസത്തിനകം ഷെല്‍ട്ടല്‍ ഹോമിലേക്ക് മാറ്റാനാണ് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായ വിഷയത്തിലെ സുപ്രിംകോടതി ഉത്തരവിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മാനുഷികവും ശാസ്ത്രീയവുമായ നയത്തില്‍ നിന്നുള്ള പിന്നോട്ട് പോക്ക് എന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
തുടച്ചുനീക്കപ്പെടേണ്ടതായ പ്രശ്‌നങ്ങളല്ല നായ്ക്കളെന്ന് രാഹുൽ ഗാന്ധി പറയുന്നു. തെരുവുനായകളെ പിടികൂടി മാറ്റുന്നത് ക്രൂരമാണെന്നും സഹതാപം ഇല്ലാത്തതുമായ പ്രവൃത്തിയാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെയ്പ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ ഉറപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
നായകള്‍ വളരെ സൗമ്യവും സൗന്ദര്യവുമുള്ളവയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയും പറഞ്ഞു. നായകളെ പിടികൂടിയാല്‍ തന്നെ അവയ്ക്ക് ആവശ്യമായ ഷെല്‍ട്ടറുകള്‍ പോലും നിലവില്‍ ഇല്ല. ഇതിനായി ഇതിലും മികച്ച മറ്റുവഴികള്‍ കണ്ടെത്താനാകും. ഈ നിരപരാധികളായ മൃഗത്തെ പരിപാലിക്കാനും സംരക്ഷിക്കാനും കഴിയുന്ന മാനുഷികമായ വഴി കണ്ടെത്താന്‍ സാധിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
ഡല്‍ഹിയിലെ തെരുവുനായ്ക്കളെയെല്ലാം എട്ടാഴ്ചയ്ക്കുള്ളില്‍ ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. നായകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞാല്‍ ഒരു കാരണവശാലും അവയെ തെരുവിലേക്ക് വിടരുത്. തെരുവുനായ്ക്കളെ മാറ്റുന്നതില്‍ വീഴ്ചയുണ്ടായാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Adjust Story Font
16

