'തമിഴ് സംസ്കാരത്തിനെതിരായ ആക്രമണം'; ജനനായകൻ സിനിമയ്ക്കെതിരായ നടപടിയിൽ രാഹുൽ ഗാന്ധി
സിനിമയുടെ റിലീസ് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചത്.

- Updated:
2026-01-13 09:29:36.0

ന്യൂഡൽഹി: വിജയ് നായകനായ ജനനായകൻ സിനിമയെ പിന്തുണച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമയുടെ പ്രദർശനം തടയാനുള്ള ശ്രമം തമിഴ് സംസ്കാരത്തിനെതിരായ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. എക്സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
'ജനനായകൻ സിനിമയുടെ പ്രദർശനം തടയാൻ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ശ്രമിക്കുന്നു. ഈ ശ്രമം തമിഴ് സംസ്കാരത്തിനെതിരായ ആക്രമണമാണ്. തമിഴ് ജനതയുടെ ശബ്ദം അടിച്ചമർത്തുന്നതിലൂടെ മോദിക്ക് വിജയിക്കാൻ കഴിയില്ല'- രാഹുൽ കുറിച്ചു. സിനിമയുടെ റിലീസ് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പിന്തുണ അറിയിച്ചത്.
ചിത്രത്തിനെതിരായ നടപടിയിൽ വിജയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ രവി മോഹൻ രംഗത്തെത്തിയിരുന്നു. 'ഹൃദയം തകരുന്നു, വിജയ് അണ്ണാ... നിങ്ങളുടെ കൂടെയുള്ള ദശലക്ഷക്കണക്കിന് സഹോദരന്മാരിൽ ഒരാളായി ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നു. നിങ്ങൾക്ക് ഒരു തീയതി ആവശ്യമില്ല... നിങ്ങളുടെ തീയതി എപ്പോഴാണോ പൊങ്കൽ അപ്പോൾ മാത്രമേ ആരംഭിക്കൂ'- എന്നാണ് രവിമോഹൻ കുറിച്ചത്.
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ജനനായകൻ' സിനിമയുടെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. സിംഗിൾ ബെഞ്ച് നൽകിയ റിലീസ് അനുമതിയാണ് ഈ മാസം ഒമ്പതിന് സ്റ്റേ ചെയ്തത്. ഒമ്പതിന് സിനിമ റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഇത്. സെൻസർ ബോർഡ് നൽകിയ അപ്പീലിലായിരുന്നു കോടതിയുടെ നിർണായക ഇടപെടൽ.
രാഷ്ട്രീയത്തിൽ പ്രവേശിച്ച നടൻ വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകന്' സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളാണ് വിനയായത്. സെൻസർ ബോർഡിന്റെ തീരുമാനത്തിനെതിരെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് നൽകിയ ഹരജിയിൽ മദ്രാസ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചെങ്കിലും സെൻസർ ബോർഡ് അപ്പീലിന് പോയതോടെ തിരിച്ചടിയുണ്ടാവുകയായിരുന്നു.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ സമീപിച്ചത്. ചിത്രത്തിലെ ചില രാഷ്ട്രീയ സംഭാഷണങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതും സൈനിക വിഭാഗത്തെ ചിത്രീകരിച്ചിരിക്കുന്ന രീതി രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നുമാണ് സെൻസർ ബോർഡിന്റെ വാദം.
Adjust Story Font
16

