രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം; അലഹബാദ് ഹൈക്കോടതി ഉത്തരവിനെ നിയമപരമായി നേരിടാൻ കോൺഗ്രസ്
റായ്ബറേലി പൊലീസിനാണ് കോടതി നിർദേശം നൽകിയത്

ഡൽഹി: രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്‍റെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്. പ്രത്യേക കോടതി തള്ളിയ ഹരജിയാണ് ലഖ്‌നൗ ബെഞ്ച് പരിഗണിച്ചതെന്നും കോൺഗ്രസ് പറഞ്ഞു.
റായ്ബറേലി പൊലീസിനാണ് കോടതി നിർദേശം നൽകിയത്. ബിജെപി പ്രവർത്തകൻ്റെ ഹർജിയുടെ അടിസ്ഥാനത്തിലാണ് കേസ്.അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കിൽ വിഷയം ഒരു കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിച്ചു.
കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ്. വിഘ്‌നേഷ് ശിശിർ നൽകിയ ഹരജിയിലാണ് അലഹബാദ് ഹൈക്കോടതി കേസെടുക്കാൻ നിര്‍ദേശം നൽകിയത്. പൗരത്വത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ എല്ലാ രേഖകളും ഫയലുകളും ഹാജരാക്കാൻ അലഹബാദ് ഹൈക്കോടതി ലക്നൗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നു.
രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനുള്ള തെളിവുകൾ കൈവശമുണ്ടെന്നുമാണ് ഹരജിക്കാരൻ്റെ അവകാശവാദം. ഇന്ത്യയിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അദ്ദേഹത്തിന് യോഗ്യതയില്ലെന്നും ലോക്‌സഭാംഗം സ്ഥാനം വഹിക്കാൻ കഴിയില്ലെന്നും ഹരജിക്കാരൻ അവകാശപ്പെട്ടിരുന്നു.
രാഹുലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിഘ്‌നേഷ് ശിശിർ ലക്നൗ വിചാരണ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സങ്കീർണമായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 28ന് വിചാരണ കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
Adjust Story Font
16

