Quantcast

'ഭാരത് ജോഡോ റോഡ്', മൂന്നു പതിറ്റാണ്ടായി അടച്ചിട്ട റോഡ് തുറന്നു; കർണാടകയിൽ ജനമനസ്സുകൾ ചേർത്ത് രാഹുലിന്റെ യാത്ര

ഒക്‌ടോബർ ആറിന് സോണിയ ഗാന്ധി യാത്രയിൽ പങ്കെടുക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    4 Oct 2022 10:01 AM GMT

ഭാരത് ജോഡോ റോഡ്, മൂന്നു പതിറ്റാണ്ടായി അടച്ചിട്ട റോഡ് തുറന്നു; കർണാടകയിൽ ജനമനസ്സുകൾ ചേർത്ത് രാഹുലിന്റെ യാത്ര
X

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പേര് പോലെ തന്നെ ജനമനസ്സുകളെ ചേർത്ത് മുന്നോട്ട്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങൾ പിന്നിട്ട് കർണാടകയിലെത്തിയിരിക്കുകയാണ് യാത്ര. ഇതിനിടയിൽ കർണാടകയിലെ ബാഡനാവലു ഗ്രാമത്തിൽ മൂന്നു പതിറ്റാണ്ടായി അടച്ചിട്ട റോഡ് രാഹുൽ ഗാന്ധി തുറന്നു കൊടുത്തു. ദലിതരും ലിംഗായത്തുകളും തമ്മിലുള്ള ജാതി സംഘർഷമുണ്ടായതിനെ തുടർന്ന് 1993ലാണ് റോഡ് അടച്ചത്.

തിങ്കളാഴ്ച റോഡ് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ ഭാരത് ജോഡോയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഓരോ ഇഷ്ടികകൾ ചേർത്തുവെച്ച്, ഞങ്ങൾ ഇന്ത്യയെ ഐക്യവും യോജിപ്പുമുള്ള രാഷ്ട്രമാക്കി പുനർനിർമ്മിക്കും' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

'ഭാരത് ജോഡോ റോഡ്' എന്ന് പേരെഴുതിയ റോഡ് ഉദ്ഘാടനം ചെയ്യുന്നത് വീഡിയോയിൽ കാണാമായിരുന്നു. ബാഡനാവലു സ്‌കൂൾ മതിലിൽ കൈകളിൽ നിറംതേച്ച് മുദ്രപതിപ്പിക്കുകയും ചെയ്തു. ഡി.കെ. ശിവകുമാർ, സിദ്ധരാമയ്യ എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.

ഗാന്ധി ജയന്തി ദിനത്തിൽ രാഹുൽ പ്രദേശത്തെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. കർഷകരുടെ നേതൃത്വത്തിലടക്കം യാത്രയ്ക്ക് പ്രത്യേക സ്വീകരണമൊരുക്കിയിരുന്നു. ദലിത് എഴുത്തുകാരൻ ദേവന്നൂരു മഹാദേവ രാഹുലിന് പുസ്തകം സമർപ്പിച്ചു. കോവിഡ് ചികിത്സയ്ക്കിടെ ഓക്സിജൻ കിട്ടാതെ മരിച്ചവരുടെ ബന്ധുക്കളുമായും സോളിഗ ഗോത്ര സമുദായക്കാരുമായും രാഹുൽ കൂടിക്കാഴ്ച നടത്തി.

ദസറ ആഘോഷം പ്രമാണിച്ച് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഭാരത് ജോഡോ യാത്രക്ക് അവധിയാണ്. ഒക്‌ടോബർ ആറിന് സോണിയ ഗാന്ധി യാത്രയിൽ പങ്കെടുക്കുന്നുണ്ട്. ബെല്ലാരിയിലാണ് സോണിയ ഗാന്ധി യാത്രയുടെ ഭാഗമാകുക. ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതിനാൽ ദീർഘനേരം സോണിയ യാത്രയിൽ പങ്കെടുക്കില്ലെന്നാണ് വിവരം.

സംസ്ഥാനത്തെ 511 കിലോമീറ്റർ ദൂരമുള്ള യാത്ര 21 ദിവസം കൊണ്ടാണ് പൂർത്തിയാക്കുക. സെപ്തംബർ 29നാണ് ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം അവസാനിച്ചത്. അന്ന് ഉച്ചയോടെ വഴിക്കടവ് മണിമൂളിയിൽ സമാപിച്ചു. തുടർന്ന് തമിഴ്‌നാട്ടിലേക്കും പിന്നാലെ കർണാടകയിലേക്കുമാണ് യാത്ര പ്രവേശിക്കുകയുമായിരുന്നു. ഗൂഡല്ലൂരിലാണ് തമിഴ്നാട്ടിലെ അവസാന സ്വീകരണം നടന്നത്. ഗുണ്ടൽപേട്ടയിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് ഗൂഡല്ലൂർ. ബന്ദിപൂർ ടൈഗർ റിസർവിലൂടെയുള്ള യാത്ര ഒഴിവാക്കി, ഗുണ്ടൽപേട്ടയിൽ നിന്ന് യാത്ര തുടരുകയായിരുന്നു.

Rahul Gandhi has opened the Bharat Jodo Yatra road which has been closed for three decades at Badanavalu village in Karnataka.

TAGS :

Next Story