'രാഹുൽ ഗാന്ധി ജീവിക്കുന്നത് ദിവാസ്വപ്നത്തിൽ, അതുകൊണ്ടാണ് തുടർച്ചയായി തോൽക്കുന്നത്': ചിരാഗ് പാസ്വാൻ
രാഹുൽ ഗാന്ധി മിഥ്യാധാരണയിലാണ് ജീവിക്കുന്നത്

- Published:
18 Jun 2026 11:05 AM IST

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാർട്ടി (റാം വിലാസ്) മേധാവിയുമായ ചിരാഗ് പാസ്വാൻ. രാഹുൽ ഒരു ദിവാസ്വപ്നത്തിലാണ് കഴിയുന്നതെന്നും തെരഞ്ഞെടുപ്പ് തിരിച്ചടികളിൽ നിന്ന് പഠിക്കാൻ കോൺഗ്രസ് നേതാവിന് കഴിയാത്തതാണ് എൻഡിഎയുടെ വിജയക്കുതിപ്പ് തുടരാൻ സഹായിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ബിഹാറിലെ ജാമുയയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പാസ്വാൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 12 വർഷത്തെ ഭരണകാലത്തെക്കുറിച്ചും വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞ പാസ്വാൻ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടിട്ടില്ലെന്നും 2029 ലെ മത്സരത്തിൽ ഇതിനകം തന്നെ വിജയിച്ചു എന്നുമുള്ള രാഹുൽ ഗാന്ധിയുടെ സമീപകാല പരാമർശത്തെ പാസ്വാൻ വിമർശിച്ചു.
"രാഹുൽ ഗാന്ധി മിഥ്യാധാരണയിലാണ് ജീവിക്കുന്നത്. സ്വന്തം മനസിനെ വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്? നിങ്ങൾ യുഎസ് പ്രസിഡന്‍റായെന്ന് കരുതുക, അല്ലെങ്കിൽ നിങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സെക്രട്ടറി ജനറലായെന്ന് കരുതുക. നിങ്ങൾക്ക് ഇഷ്ടമുള്ളത് വിശ്വസിക്കൂ, അത് വിശ്വസിക്കൂ. ആരാണ് നിങ്ങളെ വിശ്വസിക്കുന്നതിൽ നിന്ന് തടയുന്നത്?" കേന്ദ്രമന്ത്രി ചോദിച്ചു.ആത്മപരിശോധനയ്ക്കും തെറ്റുകൾ തിരുത്തുന്നതിനും അത്തരമൊരു മാനസികാവസ്ഥ തടസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഥ്യാധാരണയിൽ ജീവിക്കുന്ന ഒരാൾ കഠിനാധ്വാനം ചെയ്യുന്നില്ലെന്നും അതുകൊണ്ടാണ് തെറ്റുകൾ തിരുത്തപ്പെടാതെ പോകുന്നതെന്നും ചിരാഗ് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് കാരണം അവരുടെ പോരായ്മകൾ തിരിച്ചറിയാനും പരിഹരിക്കാനുമുള്ള കഴിവില്ലായ്മയാണെന്ന് പാസ്വാൻ പറഞ്ഞു."നിങ്ങളുടെ പോരായ്മകൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ, അവയിൽ നിന്ന് പഠിക്കാതെ മുന്നോട്ട് പോയാൽ, ഞങ്ങൾ വിജയിച്ചുകൊണ്ടേയിരിക്കും," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇൻഡ്യ മുന്നണിയിലെ ആഭ്യന്തര ഭിന്നതകളെയും പാസ്വാൻ വിമര്‍ശിച്ചു. "ഇന്ന് അവർ മമത ബാനർജിയെ കെട്ടിപ്പിടിക്കുന്നു, എന്നാൽ ഒരാഴ്ച മുൻപ് ബംഗാളിൽ അവർ മമതയെ പരസ്യമായി ശപിക്കുകയായിരുന്നു. പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യാൻ നിർബന്ധിതരായ, അധികാരമോഹികളായ പാർട്ടികളുടെ ഈ കൂട്ടായ്മയ്ക്ക് ഇനിയൊരു 30-40 വർഷത്തേക്ക് അധികാരത്തിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല," പാസ്വാൻ പറഞ്ഞു.
Adjust Story Font
16
