Quantcast

മായാവതിക്ക് മുഖ്യമന്ത്രി സ്ഥാനംവരെ വാഗ്ദാനം ചെയ്തിരുന്നു; അവർ പ്രതികരിച്ചില്ല: രാഹുൽ ഗാന്ധി

കെ.രാജു എഴുതിയ 'ദ ദലിത് ട്രൂത്ത്- ബാറ്റിൽ ഫോർ റിയലൈസിങ് അംബേദ്കർ വിഷൻ' എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

MediaOne Logo

Web Desk

  • Published:

    9 April 2022 5:30 PM IST

മായാവതിക്ക് മുഖ്യമന്ത്രി സ്ഥാനംവരെ വാഗ്ദാനം ചെയ്തിരുന്നു; അവർ പ്രതികരിച്ചില്ല: രാഹുൽ ഗാന്ധി
X

ന്യൂഡൽഹി: യു.പി തെരഞ്ഞെടുപ്പിൽ ബിഎസ്പി അധ്യക്ഷ മായാവതിയുമായി സഖ്യത്തിന് ശ്രമിച്ചിരുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനംവരെ നൽകാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അവർ പ്രതികരിച്ചില്ല. ദേശീയ അന്വേഷണ ഏജൻസികളിൽനിന്ന് അവർക്ക് സമ്മർദമുണ്ടായിരുന്നെന്നും രാഹുൽ പറഞ്ഞു. കെ.രാജു എഴുതിയ 'ദ ദലിത് ട്രൂത്ത്- ബാറ്റിൽ ഫോർ റിയലൈസിങ് അംബേദ്കർ വിഷൻ' എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''മായാവതി ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. നമുക്ക് സഖ്യമാവാമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാമെന്നും ഞങ്ങൾ അവരോട് പറഞ്ഞിരുന്നു. പക്ഷെ അവർ സംസാരിക്കാൻ പോലും തയ്യാറായില്ല. ഞാൻ ഏറെ ബഹുമാനിക്കുന്ന കാൻഷിറാമിനെപ്പോലുള്ളവർ രക്തവും വിയർപ്പും നൽകിയാണ് യു.പിയിൽ ദലിത് വിഭാഗത്തെ ഉയർത്തെഴുന്നേൽപ്പിച്ചത്. കോൺഗ്രസിന് നഷ്ടം സംഭവിച്ചു എന്നത് വേറെ കാര്യം. പക്ഷെ ആ ശബ്ദത്തിന് വേണ്ടി ഞാൻ പോരാടിയില്ലെന്നാണ് മായാവതി പറയുന്നത്''-രാഹുൽ പറഞ്ഞു.

''അവർ പരസ്യമായി കളംവിട്ടു. എന്തുകൊണ്ട്? സിബിഐ, ഇ.ഡി, പെഗാസസ്...ജനങ്ങൾക്ക് മാത്രമേ അവർക്കെതിരെ പോരാടാൻ കഴിയുകയുള്ളു. ഭരണഘടന നടപ്പാക്കാൻ അവർ (ഗവൺമെന്റ്) അനുവദിക്കുന്നില്ല. വിവിധ സ്ഥാപനങ്ങളിലൂടെ മാത്രമേ ഭരണഘടന നടപ്പാക്കാൻ കഴിയുകയുള്ളൂ..പക്ഷെ എല്ലാ സ്ഥാപനങ്ങളും അവർ പിടിച്ചെടുത്തു. സ്ഥാപനങ്ങൾ നമ്മുടെ കയ്യിലില്ലെങ്കിൽ ഭരണഘടനയും നമ്മുടെ കയ്യിലുണ്ടാവില്ല'' - രാഹുൽ പറഞ്ഞു.

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ മായാവതിയുടെ ബിഎസ്പി കാര്യമായ പ്രചാരണം നടത്തിയിരുന്നില്ല. ഒരുഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മായാവതിയും പരസ്പരം പുകഴ്ത്തുകയും ചെയ്തിരുന്നു. ബിജെപി നേതൃത്വവുമായുള്ള രഹസ്യ നീക്കുപോക്കുകളുടെ ഭാഗമായാണ് മായാവതി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാവാത്തതെന്ന് ആരോപണമുയർന്നിരുന്നു.


TAGS :

Next Story