'എനിക്ക് 20 വർഷം കൊണ്ട് ചെയ്യാൻ കഴിയാത്തത് എന്റെ സഹോദരിക്ക് ചെയ്യാൻ കഴിഞ്ഞു'; രാഹുൽ ഗാന്ധി
‘ഇത് വനിതാ ബിൽ അല്ല, രാജ്യവിരുദ്ധ ബിൽ ആണ്. ഇതിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് ഭൂപടം തിരുത്തലാണ്’

- Updated:
2026-04-17 12:45:57.0

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഇരുപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് കഴിയാത്ത കാര്യം സഹോദരി പ്രിയങ്ക ഗാന്ധി അഞ്ച് മിനിറ്റുകൊണ്ട് ചെയ്തെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ചിരിപ്പിക്കാൻ തനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും എന്നാൽ പ്രിയങ്കയുടെ പ്രസംഗം അദ്ദേഹത്തിൽ ചിരിപടർത്തിയെന്നും രാഹുൽ പറഞ്ഞു. വനിതാ സംവരണ ബിൽ, മണ്ഡല പുനർനിർണ്ണയ ബിൽ എന്നിവയെക്കുറിച്ചുള്ള ചർച്ചയിൽ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മളെല്ലാവരും ജീവിതത്തിൽ സ്ത്രീകളാൽ സ്വാധീനിക്കപ്പെട്ടവരാണ്; അമ്മമാർ, സഹോദരിമാർ, ഭാര്യമാർ എന്നിങ്ങനെ. എന്നാൽ പ്രധാനമന്ത്രിക്കും എനിക്കും ഭാര്യമാരില്ല, അതിനാൽ അവരിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങൾക്ക് ലഭിക്കുന്നില്ല’ രാഹുൽ ഗാന്ധിയുടെ പരാമർശം സഭയിൽ ചിരിപടർത്തി.
നർമത്തിൽ തുടങ്ങിയ പ്രസംഗം പിന്നീട് കേന്ദ്ര സർക്കാറിനെയും മോദിയെയും കടന്നാക്രമിക്കുന്ന സ്വഭാവത്തിലേക്ക് മാറി. ഭരണപക്ഷത്ത് നിറഞ്ഞ ചിരി മുഖങ്ങൾ മാറി.
കേന്ദ്രത്തിന്റേത് വനിതാ ബിൽ അല്ലെന്നും രാജ്യവിരുദ്ധ ബിൽ ആണെന്നും പറഞ്ഞ രാഹുൽ ഈ ബില്ലിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് ഭൂപടം തിരുത്തലാണെന്നും കൂട്ടിച്ചേർത്തു. സത്യത്തിനു വേണ്ടി നില കൊള്ളാൻ തനിക്ക് പേടിയില്ല. വനിതകൾക്ക് വേണ്ടിയുള്ളതാണെങ്കിൽ നിയമം ഈ നിമിഷം നടപ്പിലാക്കണം. പുതിയ ബില്ലിന് പിന്നിൽ രാഷ്ട്രീയം മാത്രമാണ്. രാഷ്ട്രീയ ലക്ഷ്യം നേടാൻ വനിതകളെ മറയാക്കുന്നു. സ്‌ത്രീ ശാക്തീകരണത്തിനായി ഈ ബില്ല് ഒന്നും ചെയ്യുന്നില്ല. ബിജെപിക്ക് അധികാരത്തിൽ തുടരാൻ വേണ്ടിയുള്ള ബില്ലാണിത്. ദക്ഷിണേന്ത്യൻ, വടക്കുകിഴക്കൻ, ചെറുസംസ്ഥാനങ്ങളുടേയും പ്രാതിനിധ്യം തട്ടിയെടുക്കുന്നു. രാജ്യവിരുദ്ധമായ പ്രവൃത്തിയാണിത്. പിന്നാക്ക വിഭാഗത്തിന്റെ അധികാരം കവരാനുള്ള ശ്രമമാണ് നടക്കുന്നത്. ദലിത്, ഒബിസി, ആദിവാസി എന്നിവർക്ക് വേണ്ടി എന്താണ് ഇവർ ചെയ്യുന്നത്. ഒബിസി വിഭാഗങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്നുള്ളത് രാജ്യത്തിനു അറിയാം. ദലിതർക്കും ഒബിസിക്കും ഒരു അധികാരവും ബിജെപി നൽകുന്നില്ല. പൊതുമേഖലയിൽ ഇവരെ തടഞ്ഞു. പിന്നാക്കക്കാർക്ക് അധികാരത്തിൽ ഇടം നൽകുന്നില്ല. ദലിതരെ ഹിന്ദുവെന്ന് വിളിക്കുന്നു, എന്നാൽ അവർക്ക് അധികാരം നൽകുന്നില്ല. ജാതി സെൻസസ് പാർലമെന്റിലെ പ്രാതിനിധ്യത്തിനായി ഉപയോഗിക്കുമോ എന്നതാണ് യഥാർഥ ചോദ്യം. ഒബിസിക്കാർക്ക് അധികാരവും പ്രാതിനിധ്യവും നൽകുന്നത് ഒഴിവാക്കാൻ ആസൂത്രിത ശ്രമം നടത്തുന്നു. ജാതി സെൻസസിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശവിരുദ്ധ ബില്ലിനെ തോൽപ്പിക്കണമെന്നും രാഹുൽഗാന്ധി സഭയിൽ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെയും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. മോദിയെ കൺകെട്ടുകാരനെന്ന് വിളിച്ച അദ്ദേഹം ബാലക്കോട്ടിന്റെയും നോട്ടുനിരോധനത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും ഇന്ദ്രജാലക്കാരനാണ് പ്രധാനമന്ത്രി എന്നും പറഞ്ഞു. ഇന്ദ്രജാലക്കാരനും വ്യവസായിയും തമ്മിലെ ബന്ധം വളരെ ശക്തമാണ്. നിങ്ങളല്ല ഇന്ത്യയും സൈന്യവും, ഭീരുക്കളെ പോലെ ഒളിച്ചിരിക്കുന്നത് അവസാനിപ്പിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തത് ഭരണപക്ഷത്തെ പ്രകോപിച്ചു.
രാഹുൽ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രതിനിധിയാണ്, അപമാനിച്ചത് ശരിയല്ല. ജാലവിദ്യക്കാരൻ എന്ന പരാമർശം സഭാചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കിരൺ റിജിജു പറഞ്ഞു. രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ പലതവണ ഇടപ്പെട്ട സ്പീക്കർ, സഭയുടെ ചട്ടങ്ങൾ പാലിക്കണമെന്ന് നിർദേശവും നൽകി.
കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണ്ഡല പുനർനിർണ്ണയ ബിൽ ഭരണകക്ഷിക്ക് അനുകൂലമാണെന്നു പറഞ്ഞ പ്രിയങ്ക അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അജണ്ടകളെ കുറിച്ചും മുന്നറിയിപ്പ് നൽകി. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കിയാൽ ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാകുമെന്നും പ്രിയങ്ക പറഞ്ഞു.
Adjust Story Font
16
