Quantcast

'സഹോദരി ഭർത്താവിനെ കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ വേട്ടയാടുന്നു, സത്യം ഒരുനാൾ വിജയിക്കും'; റോബർട്ട് വദ്രക്ക് പിന്തുണയുമായി രാഹുൽഗാന്ധി

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വാദ്രയുടെ 37.64 കോടി വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

MediaOne Logo

Web Desk

  • Published:

    18 July 2025 2:33 PM IST

സഹോദരി ഭർത്താവിനെ കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ വേട്ടയാടുന്നു, സത്യം ഒരുനാൾ വിജയിക്കും;  റോബർട്ട് വദ്രക്ക് പിന്തുണയുമായി രാഹുൽഗാന്ധി
X

ന്യൂഡൽഹി:ഹരിയാനയിലെ ഷിക്കോപൂരിൽ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എം.പി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയുടെ 37.64 കോടി വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി വരുന്ന 43 വസ്തുവകകളാണ് കണ്ടുകെട്ടിയത്.

അതേസമയം, സഹോദരി ഭർത്താവ് റോബർട്ട് വാദ്രയ്ക്കെതിരായ ഇഡി നടപടിക്കെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തി. കഴിഞ്ഞ 10 വർഷമായി കേന്ദ്രസർക്കാർ നടത്തുന്ന രാഷ്ട്രീയവേട്ടയുടെ ഏറ്റവും പുതിയ നീക്കമാണിതെന്ന് രാഹുൽ പ്രതികരിച്ചു.''കഴിഞ്ഞ പത്ത് വർഷമായി തന്റെ സഹോദരി ഭർത്താവിനെ ഈ സർക്കാർ വേട്ടയാടുകയാണ്. ആ വേട്ടയുടെ തുടർച്ചയാണ് ഈ പുതിയ കുറ്റപത്രം. ദുരുദ്ദേശ്യപരവും രാഷ്ട്രീയ പ്രേരിതവുമായ അപവാദവും പീഡനവും ആരോപണവും നേരിടുന്ന റോബർട്ടിനും പ്രിയങ്കക്കും മക്കൾക്കുമൊപ്പം ഞാൻ നിൽക്കുന്നു. ഏത് തരത്തിലുള്ള പീഡനത്തെയും നേരിടാൻ അവരെല്ലാം ധൈര്യശാലികളാണെന്ന് എനിക്കറിയാം, അവർ അത് അന്തസ്സോടെ തുടരും. സത്യം ഒടുവിൽ വിജയിക്കും,'' ഗാന്ധി 'എക്സിൽ' പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

റോബർട്ട് വാദ്രയെ പിന്തുണച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും രംഗത്തെത്തിയിരുന്നു. റോബർട്ട് വാദ്രയെ വേട്ടയാടുന്നത് മോദി സർക്കാരിന്റെ മറ്റൊരു ദുഷ്ട ശ്രമമാണ്, അത് ദയനീയമായി പരാജയപ്പെടും. സ്വത്ത് വിൽക്കുന്നതും വാങ്ങുന്നതും എന്ന് മുതലാണ് നിയമവിരുദ്ധവും കുറ്റകരവുമായി മാറിയതെന്നും രൺദീപ് എക്‌സിൽ കുറിച്ചു.

ഹരിയാനയിലെ മനേസർ-ഷിക്കാപൂരിലെ ഗുരുഗ്രാമിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വാദ്രക്കെതിരായ ഇഡി അന്വേഷണം നടത്തുന്നത്. റോബർട്ട വാദ്രയടക്കം കേസിലകപ്പെട്ട മറ്റുള്ളവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.ഇതാദ്യമായാണ് 56 കാരനായ റോബർട്ട വാദ്രക്കെതിരെ ക്രിമിനൽ കേസിൽ അന്വേഷണ ഏജൻസി പ്രോസിക്യൂഷൻ പരാതി ഫയൽചെയ്യുന്നത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലെന്നായിരുന്നു വാദ്രയുടെ പ്രതികരണം.

TAGS :

Next Story