വോട്ട് നഷ്ടമായവർ വേദിയിൽ; തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി
ഹൈഡ്രജൻ ബോംബല്ല അത് വരുന്നതേയുള്ളൂവെന്നും രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹൈഡ്രജൻ ബോംബല്ല, അത് വരുന്നതേയുള്ളൂവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ട് കൊള്ളക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാര്‍ കൂട്ടുനിൽക്കുന്നു. വ്യാപക വോട്ട് വെട്ടൽ നടക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ഡൽഹിയിലെ പുതിയ കോൺഗ്രസ് ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടുകൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്ന് രാഹുൽ പറഞ്ഞു. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ കോൺഗ്രസിനു വോട്ടു ചെയ്യുന്നവരെ ആസൂത്രിതമായി നീക്കിയെന്നു പറഞ്ഞ രാഹുൽ വോട്ട് നഷ്ടപ്പെട്ടവരെ വേദിയിലെത്തിക്കുകയും ചെയ്തു.
കോൺഗ്രസിൻ്റെ കോട്ടയായ ബൂത്തുകളിലാണ് വോട്ട് റദ്ദാക്കിയത്. കർണാടക സിഐഡി 18 കത്തുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി. ഒരു വിവരവും നൽകിയില്ല. സിഐഡിയുടെ പരാതിയില്‍ അന്വേഷണം നടത്തിയില്ല. ഗ്യാനേഷ് കുമാർ വോട്ട് കൊള്ളക്കാരെ സംരക്ഷിക്കുന്നു. തട്ടിപ്പ് നടത്തുന്നത് ആരാണ് എന്ന് കമ്മീഷന് അറിയാം. ഭരണഘടനയെ തകർക്കുന്ന നടപടികളാണ് നടത്തുന്നത്. രാഹുല്‍ ഗാന്ധി പറഞ്ഞു.
'മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിൽ 6850 വ്യാജ വോട്ടുകളാണ് ചേർത്തത്. കർണാടകയിലെ അലന്ദ് മണ്ഡലത്തിൽ ഒഴിവാക്കലാണ് നടന്നതെങ്കിൽ മഹാരാഷ്ട്രയിലെ രജൂരയിൽ കൂട്ടിച്ചേർക്കലാണ് നടന്നത്. പല പേരുകളിലും നമ്പറുകളിലുമായി കൃത്യമല്ലാതെയാണ് കൂട്ടിച്ചേർക്കപ്പെട്ടവരുടെ വിവരമുള്ളത്'- രാഹുല്‍ ഗാന്ധി പറഞ്ഞു.
'കമ്മീഷൻ അവരുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ടാണ് അത് ചൂണ്ടിക്കാട്ടേണ്ടി വരുന്നത്. എനിക്ക് പ്രതിബദ്ധത ഇന്ത്യയിലെ ജനങ്ങളോടാണ്. അത് ഞാൻ ചെയ്യുന്നത് ഭരണഘടന ഉയർത്തിയാണ്. ഇതിന് പിന്നിൽ ആരെന്നുള്ളത് കൃത്യമായ തെളിവുകളോടെ ഞാൻ പറയും. കൃത്യമായി തെളിവുകളോടെ ഉടൻതന്നെ ഹൈഡ്രജൻ ബോംബ് പുറത്തുവരും'- രാഹുല്‍ ഗാന്ധി പറഞ്ഞു.
Updating...
Adjust Story Font
16

