'പപ്പ പോയതിന് ശേഷം മമ്മയെന്തെല്ലാം കഷ്ടപ്പാടുകൾ അനുഭവിച്ചുവെന്നത് എനിക്കും സഹോദരിക്കും മാത്രമേയറിയൂ'; സോണിയ ഗാന്ധിയുടെ പോരാട്ടവീര്യത്തെ കുറിച്ച് രാഹുൽ
സോണിയ ഗാന്ധിയുടെ ജീവചരിത്രമായ ബിലോങ്ങിങ്; എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ചാണ് രാഹുലിന്‍റെ പരാമർശം

- Updated:
2026-08-20 11:08:31

ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ മരണശേഷം അസാധാരണമായ ധൈര്യത്തോടെയും അന്തസ്സോടെയുമാണ് സോണിയ ഗാന്ധി മക്കളായ തന്നെയും പ്രിയങ്കയെയും വളർത്തിയതെന്നും അവരുടെ ജീവിതകഥ പുസ്തകമാകുന്നതിൽ സന്തോഷമുണ്ടെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പിതാവിന്‍റെ മരണശേഷം അവരെന്തെല്ലാം വേദനകളും കഷ്ടതകളുമാണ് അനുഭവിച്ചതെന്ന് തനിക്കും സഹോദരിക്കും മാത്രമേ അറിയുകയുള്ളൂവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധിയുടെ ജീവചരിത്രമായ ബിലോങ്ങിങ്; എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിന്‍റെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ചാണ് രാഹുലിന്‍റെ പ്രതികരണം. രാജീവ് ഗാന്ധിയുടെ 82ആമത് ജന്മദിന വാർഷികത്തിലാണ് രാഹുലിന്‍റെ സമൂഹമാധ്യമ പോസ്റ്റ്.
താൻ മാതാപിതാക്കളെ രണ്ട് പേരെയും അവസാനമായി ഒരുമിച്ചുകണ്ടിട്ട് 35 വർഷത്തോളമായെന്നും പിതാവിന്‍റെ കാലശേഷം ഒരുപാട് വേദനകളും കഷ്ടപാടും സഹിച്ചാണ് അവർ മക്കളെ വളർത്തിയതെന്നും രാഹുൽ എക്സിൽ കുറിച്ചു. സോണിയയെ മമ്മയെന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.
'പപ്പ പോയതിന് ശേഷവും അസാമാന്യ ധൈര്യത്തോടെയും അന്തസ്സോടെയും ജീവിതത്തെ നിങ്ങൾ നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. പപ്പയില്ലാത്ത ലോകത്ത് മമ്മ എന്തെല്ലാം വേദനകളും കഷ്ടപ്പാടുകളും സഹിച്ചിട്ടുണ്ടെന്ന് എനിക്കും പ്രിയങ്കക്കും മാത്രമറിയാം'. രാഹുൽ ഓർത്തെടുത്തു.
അമ്മയുടെ പുസ്തകം പുറത്തിറങ്ങുന്നതിലും ദശലക്ഷക്കണക്കിന് പ്രിയപ്പെട്ടയാളുകൾ അത് വായിക്കുന്നതിലും തനിക്ക് അത്യധികം സന്തോഷമുണ്ടെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യജീവിതത്തിന് പ്രാധാന്യം കൽപ്പിക്കുന്ന അമ്മയെ പോലൊരാൾക്ക് തന്‍റെ കഥ ലോകത്തോട് പറയുന്നതെത്ര മാത്രം പ്രയാസമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ന് പപ്പയുടെ ജന്മദിനത്തിൽ അദ്ദേഹം ചിരിക്കുന്നത് എനിക്ക് കാണാം. തന്‍റെ സുന്ദരിയായ സോണിയയെ നോക്കി അഭിമാനത്തോടെ നോക്കിനിൽക്കുന്നതും കാണാം'. രാഹുൽ കൂട്ടിച്ചേർത്തു.
1984ൽ അമ്മയും അന്നത്തെ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടർന്നാണ് രാജീവ് ഗാന്ധി കോൺഗ്രസിന്‍റെ ചുമതലയേറ്റത്. 1984 ഒക്ടോബറിൽ 40-ാം വയസ്സിൽ അധികാരമേറ്റപ്പോൾ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി. 1989 ഡിസംബർ 2 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
Adjust Story Font
16
