Quantcast

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്; അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് ബി.ജെ.പിയോട് കോണ്‍ഗ്രസ്

ജനുവരി 3ന് പഞ്ചാബിലെ മോഗ ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാൻ രാഹുൽ തീരുമാനിച്ചിരുന്നു. അത് മാറ്റിവെയ്ക്കാനാണ് സാധ്യത

MediaOne Logo

Web Desk

  • Published:

    30 Dec 2021 11:16 AM IST

രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്; അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് ബി.ജെ.പിയോട് കോണ്‍ഗ്രസ്
X

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും വിദേശത്തേക്ക്. വിദേശ സന്ദര്‍ശനം വ്യക്തിപരം എന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. പുതുവത്സരവും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെയാണ് രാഹുലിന്‍റെ യാത്ര. എന്നാല്‍ രാഹുല്‍ എങ്ങോട്ടാണ് പോയതെന്നോ എപ്പോള്‍ തിരിച്ചുവരുമെന്നോ പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടില്ല. സന്ദര്‍ശനത്തെ കുറിച്ച് അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് ബി.ജെ.പി നേതാക്കളോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

"രാഹുൽ ഗാന്ധി ഒരു ഹ്രസ്വ സ്വകാര്യ സന്ദർശനത്തിലാണ്. ബി.ജെ.പിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അനാവശ്യമായി കിംവദന്തികൾ പ്രചരിപ്പിക്കരുത്" എന്നാണ് സുര്‍ജേവാല പറഞ്ഞത്. അടുത്തിടെ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി, ഏകദേശം ഒരു മാസത്തോളം വിദേശത്തായിരുന്നു രാഹുല്‍. ശീതകാല സമ്മേളത്തിന്‍റെ തലേദിവസമാണ് തിരിച്ചെത്തിയത്.

ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ പാർട്ടികൾ പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് രാഹുലിന്‍റെ വിദേശ സന്ദർശനം. ജനുവരി 3ന് പഞ്ചാബിലെ മോഗ ജില്ലയിൽ പാർട്ടി റാലിയെ അഭിസംബോധന ചെയ്യാൻ രാഹുൽ തീരുമാനിച്ചിരുന്നു. അത് മാറ്റിവെയ്ക്കാനാണ് സാധ്യത. കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനമായതിനാല്‍ പഞ്ചാബിലേത് പാര്‍ട്ടിയെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ്. രാഹുല്‍ മടങ്ങിയെത്തിയ ശേഷമായിരിക്കും പഞ്ചാബിലെ റാലിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ഗോവയിലും ഉത്തരാഖണ്ഡിലും രാഹുൽ പ്രചാരണം നടത്തിയിരുന്നു.

ബി.ജെ.പിയും പഞ്ചാബില്‍ തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലിയോടെ ജനുവരി 5ന് പ്രചാരണം ആരംഭിക്കാനാണ് നീക്കം. മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് ശേഷം പഞ്ചാബിൽ പ്രധാനമന്ത്രി മോദി നടത്തുന്ന ആദ്യ റാലിയാണിത്. മുന്‍ മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 10 വർഷത്തിന് ശേഷം ശിരോമണി അകാലിദള്‍-ബി.ജെ.പി സർക്കാരില്‍ നിന്നും കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിക്കുകയായിരുന്നു‍. 117 അംഗ പഞ്ചാബ് നിയമസഭയിൽ 20 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി രണ്ടാമത്തെ വലിയ പാർട്ടിയായി. ശിരോമണി അകാലിദളിന് 15 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ, ബിജെപി 3 സീറ്റുകളിലാണ് വിജയിച്ചത്.

TAGS :

Next Story