ഇൻഡോർ മലിന ജല ദുരന്തം: മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുല്‍ ഗാന്ധി
ഇൻഡോറിലെ ഭഗിരത്പുരയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന് 17 പേർക്കാണ് ജീവൻ നഷ്ടമായത്.

- Published:
17 Jan 2026 2:54 PM IST

ഇന്‍ഡോര്‍: മലിന ജല ദുരന്തം ഉണ്ടായ ഇൻഡോർ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മരിച്ച വരുടെ കുടുംബാംഗങ്ങളെ രാഹുൽഗാന്ധി സന്ദർശിച്ചു. കൗൺസിലർമാരെ നേരിട്ട് കാണാൻ മധ്യപ്രദേശ് സർക്കാർ രാഹുലിന് അനുമതി നൽകിയിട്ടില്ല.
ഇൻഡോറിലെ ഭഗിരത്പുരയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന് 17 പേർക്കാണ് ജീവൻ നഷ്ടമായത്. മരണസംഖ്യ എത്രയാണെന്ന് കൃത്യമായി സർക്കാർ രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇൻഡോർ സന്ദർശനം. ഭഗീരപുരയിൽ എത്തിയ രാഹുൽഗാന്ധി മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാരിനെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചിരുന്നത്. സർക്കാരിന്‍റേത് നിര്‍വികാരപരമായ പ്രതികരണമാണന്നായിരുന്നു വിമര്‍ശനം. സംഭവത്തിൽ ഇപ്പോഴും നൂറിൽ അധികം പേർ ചികിത്സയിലാണ്. പിസിസി മേധാവി ജിതു പട്വാരി, പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാർ തുടങ്ങിയ സംസ്ഥാന നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
''ദുരിതബാധിത കുടുംബങ്ങളെ ഞാൻ കണ്ടു, അവരെ ഭീഷണിപ്പെടുത്തുകയാണ്. വിഷം കലർന്ന വെള്ളം കുടിച്ചതിനെ തുടർന്ന് മുഴുവൻ വീടുകളിലും രോഗികളാണ്. ഇൻഡോറിന് ശുദ്ധജലം നൽകാൻ കഴിയുന്നില്ലേ?''- രാഹുല്‍ ഗാന്ധി ചോദിച്ചു. ''ശുദ്ധജല വിതരണ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നു. അധികാരത്തിലിരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇതിന് സര്‍ക്കാര്‍ മറുപടി പറയണം''- രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
Adjust Story Font
16
