പൊട്ടുന്നത് 'ഹൈഡ്രജന്‍ ബോംബോ?; വോട്ട് ചോരിയിൽ ആകാംക്ഷ നിറച്ച് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രത്യേക വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10 മണിക്ക് കോൺഗ്രസ് ആസ്ഥാനത്താണ് രാഹുൽ മാധ്യമങ്ങളെ കാണുക. വോട്ട് ചോരി ആരോപണങ്ങൾക്ക് പിന്നാലെ ഒരു "ഹൈഡ്രജൻ ബോംബ്" പൊട്ടിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ വോട്ട് കൊള്ള സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് രാഹുൽ നേരത്തെ ചില സൂചനകൾ നൽകിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 152513 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി വരാണസിയിൽ വിജയിച്ചത്. 612970 വോട്ടുകളാണ് മോദി നേടിയത്. രണ്ടാമതുള്ള കോൺഗ്രസിലെ അജയ് റായ് 460457 വോട്ട് നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അജയ് റായ് 6000 വോട്ടുകൾക്ക് ലീഡ് ചെയ്തിരുന്നു.
തെരഞ്ഞെടപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ട് കൊള്ളനടത്തിയെന്ന് രാഹുൽഗാന്ധി തെളിവുകളടക്കം പുറത്ത് വിട്ടിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷം വോട്ടിന്റെ ക്രമക്കേട് നടന്നെന്നും രാഹുൽ പറഞ്ഞു. ഇതിന് പിന്നാലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനായി വോട്ട് ചോരി എന്ന പേരിൽ വെബ്‌സൈറ്റും കോൺഗ്രസ് തുടങ്ങിയിരുന്നു.
അതിനിടെ, നിതീഷ് കുമാർ സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായുള്ള പ്രതിപക്ഷത്തിന്റെ 'ബിഹാർ അധികാർ യാത്ര' പുരോഗമിക്കുന്നു. ആർ ജെ ഡി നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലാണ് യാത്ര. പ്രധാനമന്ത്രിയുടെ ബിഹാറിലെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ നടക്കുന്ന യാത്രക്ക് വൻ ജന പിന്തുണയാണ് ലഭിക്കുന്നത്.ഇരു മുന്നണികളുടെയും സീറ്റ് വിഭജന ചർച്ചയും പുരോഗമിക്കുകയാണ്. എൻഡിഎയുടെ സീറ്റ് വിഭജന പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറിൽ എത്തി.100 സീറ്റ് നൽകിയില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന കേന്ദ്ര മന്ത്രി ജിതിൻ റാം മാഞ്ചിയെ അനുനയിപ്പിക്കാൻ ആണ് അമിത് ഷായുടെ നീക്കം.
Adjust Story Font
16

