എഫ്ഐആറിടണമെന്ന് പൊലീസുകാർ ആഗ്രഹിച്ചിരുന്നു, എന്നാൽ, മുകളിൽ നിന്ന് നീതിയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി: രാഹുൽ ഗാന്ധി
പ്രക്ഷോഭത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തിരിച്ചറിയാത്ത ആളുകൾക്കെതിരെയാണ് എഫ്ഐആർ.

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടയിലെ ഡൽഹി പൊലീസിന്‍റെ പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആറിട്ടത് തുടക്കം മാത്രമാണെന്നും രാജ്യതലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി കിട്ടിയില്ലെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കൾക്കെതിരെ അന്യായം നടന്നതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പാവപ്പെട്ട പൊലീസുകാർ ആഗ്രഹിച്ചിരുന്നെങ്കിലും മുകളിൽ നിന്ന് നീതിയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായെന്നും രാഹുൽ പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് പിന്നാലെ, പ്രക്ഷോഭത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പൊലീസ് ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തിരിച്ചറിയാത്ത ആളുകൾക്കെതിരെയാണ് എഫ്ഐആർ.
'ഇതൊരു തുടക്കം മാത്രമായിട്ടാണ് കാണേണ്ടത്. നമ്മുടെ യുവാക്കൾക്കെതിരെ അന്യായം നടന്നെന്ന് വ്യക്തമായിട്ടും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. ഒരു മാസം കഴിഞ്ഞു. രാജ്യതലസ്ഥാനത്തെ പ്രധാന പൊലീസ് സ്റ്റേഷനിൽ പോലും നീതി ലഭിച്ചില്ല. തെറ്റായതൊന്നും ഞങ്ങൾ ചെയ്തിട്ടില്ലെന്നുറപ്പാണ്. ജനങ്ങൾക്ക് വേണ്ടിയാണ് ഈ പോരാട്ടങ്ങളൊക്കെയും. രാജ്യത്തെ ഒരോ വിദ്യാർഥിക്കും അവരുടെ മാതാപിതാക്കൾക്കും വേണ്ടിയാണ് ഞങ്ങളിവിടെ വരേയും വന്നത്'. രാഹുൽ ഗാന്ധി വ്യക്തമാക്കി. എഫ്ഐആർ തടസ്സപ്പെടുത്തിയത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണെന്നും രാഹുൽ പറഞ്ഞു.
'ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഞങ്ങൾ നടത്തുന്നത്. പാവപ്പെട്ട ചില പൊലീസുകാർ എഫ്ഐആർ ഇടണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, മുകളിൽ നിന്ന് നീതിയെ തടസ്സപ്പെടുത്താൻ ശ്രമങ്ങളുണ്ടായി'. നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പാണിതെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ഒപ്പമുണ്ടായിരുന്നത് കൊണ്ടാണ് പൊലീസ് എഫ്ഐആർ ഇട്ടതെന്നും വിദ്യാർഥികളാരും വിശ്വാസം കൈവിടരുതെന്നും പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിലും മാധ്യമങ്ങളോട് പ്രതികരിച്ചു.
സമരത്തിനിടെ അമിത്ഷാക്കെതിരെയും പൊലീസുകാർക്കെതിരെയും കോൺഗ്രസ് പ്രവർത്തകർ രൂക്ഷമായ മുദ്രാവാക്യം വിളികളോടെ പ്രതിഷേധമറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രവർത്തകർ അമിത് ഷെയിം ഷാ മൂർദാബാദ് എന്ന് പൊലീസ് സ്റ്റേഷനിൽ ചുമരിലെഴുതിയതോടെ പ്രദേശം അൽപ്പനേരത്തെക്ക് സംഘർഷാവസ്ഥയിലാക്കുകയും പിന്നാലെ പൊലീസെത്തി എഴുത്ത് മായിച്ചുകളയുകയും ചെയ്തു. അതേസമയം, ജൻപഥ് റോഡിൽ രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ് പ്രവർത്തകർ പൊലീസ് ബസ് തടഞ്ഞുവെച്ചു. പ്രവർത്തകരിൽ ചിലർ ബസിന് മുകളിൽ കയറിയും പ്രതിഷേധിക്കുന്നുണ്ട്.
പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുല്ല. തുടര്‍ന്നാണ് കേസെടുക്കാതെ തിരിച്ചുപോകില്ലെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി സ്റ്റേഷന് പുറത്ത് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധം അഞ്ച് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു.
സാഹില്‍ ലോച്ചവ് എന്ന വിദ്യാര്‍ഥിയെകൂട്ടിയാണ് രാഹുല്‍ എത്തിയത്. പെല്ലറ്റ് ഗണ്‍ പ്രയോഗത്തെ തുടര്‍ന്ന് പരിക്കേറ്റ സാഹില്‍, റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. നേരത്തെ പരാതി കൊടുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി സാഹിലിനൊപ്പം പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
നേരത്തെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും പൊലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തി ഡിസിപിയുമായി ചര്‍ച്ച നടത്തിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ തുടരുമെന്ന് രാഹുല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് മുട്ടുമടക്കിയത്.
Adjust Story Font
16

