Quantcast

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കം; ഭിന്നശേഷിക്കാരനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി സിമന്‍റിട്ട് മൂടി, അഭിഭാഷകനും ഭാര്യയും പിടിയിൽ

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    25 Jun 2025 3:49 PM IST

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കം; ഭിന്നശേഷിക്കാരനെ കൊന്ന് സ്യൂട്ട്‌കേസിലാക്കി സിമന്‍റിട്ട് മൂടി, അഭിഭാഷകനും ഭാര്യയും പിടിയിൽ
X

റായ്പൂര്‍: ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഭിന്നശേഷിക്കാരനെ കൊന്ന് സ്യൂട്ട്കേസിലാക്കി സിമന്‍റിട്ട് മൂടിയ കേസില്‍ അഭിഭാഷകനും ഭാര്യയും പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. കിഷോർ പൈക്രയെന്ന ആളാണ് കൊല്ലപ്പെട്ടത്. റായ്പൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകൻ അങ്കിത് ഉപാധ്യായയും ഭാര്യയുമാണ് പിടിയിലായതെന്ന് റായ്പൂർ എസ്എസ്പി ലാൽ ഉമേദ് സിംഗ് പറഞ്ഞു. കിഷോർ പൈക്രയെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.

റായ്പൂരിലെ ജനവാസ മേഖലയില്‍ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്. ഹണ്ടിപാറയിലെ എച്ച്എംടി ചൗക്കിൽ താമസിക്കുന്ന കിഷോർ പൈക്ര വീൽചെയറിലാണ് സഞ്ചരിച്ചിരുന്നത്. മൊഹാദി ഗ്രാമത്തിലെ സ്ഥലം പ്രതിയായ അങ്കിതിന്റെ സഹായത്തോടെ 50 ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു.എന്നാല്‍ 30 ലക്ഷം രൂപമാത്രമാണ് തനിക്ക് ലഭിച്ചതെന്നും ബാക്കി 20 ലക്ഷം രൂപ തന്നില്ലെങ്കില്‍ പൊലീസില്‍ പരാതിപ്പെടുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. പരാതി നൽകുമെന്ന് പൈക്ര ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് അങ്കിതും ഭാര്യയും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

റായ്പൂരിലെ ഡിഡി നഗറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഒരു കാര്‍ ഇവിടേക്ക് വരുന്നതായും രണ്ട് പുരുഷന്മാര്‍ അതില്‍ നിന്നിറങ്ങി ഒരു പെട്ടി ഡിക്കിയില്‍ നിന്ന് ഇറക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ടായിരിന്നു. മുഖം മറച്ച ഒരു സ്ത്രീ ഇരുചക്രവാഹനത്തില്‍ കാറില്‍ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പ്രതികള്‍ ഉപയോഗിച്ച കാറിൽ വ്യാജ നമ്പർ പ്ലേറ്റായിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story