Quantcast

'ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഞാൻ നിങ്ങളെ ചവിട്ടിമെതിക്കും'; യുപി, ബിഹാർ കുടിയേറ്റക്കാരോട് രാജ് താക്കറെ

ഹിന്ദി നിങ്ങളുടെ ഭാഷയല്ലെന്ന് യുപിയിലെയും ബിഹാറിലെയും ആളുകൾ മനസ്സിലാക്കണം

MediaOne Logo
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഞാൻ നിങ്ങളെ ചവിട്ടിമെതിക്കും; യുപി, ബിഹാർ കുടിയേറ്റക്കാരോട് രാജ് താക്കറെ
X

മുംബൈ: ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള കുടിയേറ്റക്കാർക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര നവനിർമ്മാൺ സേന മേധാവി രാജ് താക്കറെ. ഹിന്ദിയോട് തനിക്ക് വെറുപ്പില്ലെന്നും എന്നാൽ അത് അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ കുടിയേറ്റക്കാരെ ചവിട്ടിപ്പുറത്താക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംയുക്ത റാലിയിൽ സംസാരിക്കുകയായിരുന്നു രാജ് താക്കറെ. ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുമായി ചേര്‍ന്നാണ് ഞായറാഴ്ച സംയുക്ത റാലി സംഘടിപ്പിച്ചത്.

"ഹിന്ദി നിങ്ങളുടെ ഭാഷയല്ലെന്ന് യുപിയിലെയും ബിഹാറിലെയും ആളുകൾ മനസ്സിലാക്കണം. എനിക്ക് ആ ഭാഷയോട് വെറുപ്പില്ല. പക്ഷേ നിങ്ങൾ അത് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഞാൻ നിങ്ങളെ ചവിട്ടിമെതിക്കും," അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നിർണായകമാണെന്ന് വിശേഷിപ്പിച്ച രാജ്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ മഹാരാഷ്ട്രയിലേക്ക് വന്ന് തദ്ദേശീയരുടെ ജോലി തട്ടിയെടുക്കുന്നുണ്ടെന്നും ഭൂമിയും ഭാഷയും നഷ്ടപ്പെടുന്നത് അവസാനമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

"ഇത് മറാത്തികളുടെ അവസാന തെരഞ്ഞെടുപ്പാണ്. ഇന്ന് ഈ അവസരം നഷ്ടപ്പെടുത്തിയാൽ നിങ്ങൾക്ക് എല്ലാം നഷ്ടപ്പെടും. മറാത്തിക്കും മഹാരാഷ്ട്രയ്ക്കും വേണ്ടി ഒന്നിക്കുക," രാജ് കൂട്ടിച്ചേർത്തു. മുംബൈയെ സംസ്ഥാനത്തിന്‍റെ ഭാഗമായി സുരക്ഷിതമാക്കാൻ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. "നിരവധി ആളുകളുടെ ത്യാഗങ്ങളിലൂടെയാണ് മുംബൈ നേടിയത്. നമ്മൾ അവരോട് എന്ത് പറയും?" അദ്ദേഹം ചോദിച്ചു.

പോളിങ് ദിവസത്തിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാജ് താക്കറെ കര്‍ശന നിര്‍ദേശം നൽകി. “രാവിലെ 6 മണിക്ക് നിയമിതരായ ബി‌എൽ‌എ തയ്യാറായിരിക്കണം. ജാഗ്രത പാലിക്കുക, അശ്രദ്ധ കാണിക്കരുത്. ആരെങ്കിലും വീണ്ടും വോട്ടുചെയ്യാൻ വന്നാൽ അവരെ പുറത്താക്കുക,” അദ്ദേഹം പറഞ്ഞു, ഇവിഎമ്മുകളും ഇരട്ട വോട്ടർമാരുടെ ആരോപണവും സൂക്ഷ്മമായി നിരീക്ഷിക്കാൻ കേഡർമാരോട് ആവശ്യപ്പെട്ടു.

TAGS :

Next Story