Quantcast

എന്തിനാണ് ഹിന്ദി? പ്രൈമറി സ്കൂളുകളിൽ മറാത്തിയും ഇംഗ്ലീഷും മാത്രം പോരെ..; ദ്വിഭാഷാ നയത്തിൽ ഉറച്ചുനിൽക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് രാജ് താക്കറെ

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ മറാത്തിയും ഇംഗ്ലീഷും എന്നീ രണ്ട് ഭാഷകൾ മാത്രമേ പഠിപ്പിക്കാവൂ

MediaOne Logo

Web Desk

  • Published:

    5 Jun 2025 9:14 AM IST

raj thackeray
X

മുംബൈ: ഭരണകക്ഷിയായ മഹായുതിയോട് ദ്വിഭാഷാ നയത്തിൽ ഉറച്ചുനിൽക്കണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ. പ്രൈമറി സ്കൂളുകളിൽ മറാത്തിയും ഇംഗ്ലീഷും മാത്രം പഠിപ്പിക്കാനും ആവശ്യപ്പെട്ടു.

"സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ മറാത്തിയും ഇംഗ്ലീഷും എന്നീ രണ്ട് ഭാഷകൾ മാത്രമേ പഠിപ്പിക്കാവൂ. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് ഒരു ഉത്തരവ് പുറപ്പെടുവിക്കണം, അങ്ങനെ ചെയ്തില്ലെങ്കിൽ എംഎൻഎസ് സംസ്ഥാനത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തും," സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെയ്ക്ക് എഴുതിയ കത്തിൽ താക്കറെ വ്യക്തമാക്കി. ഒന്നാം ക്ലാസ് മുതൽ മറാത്തിയും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കാവൂ എന്ന് വ്യക്തമാക്കുന്ന വ്യക്തവും ഔദ്യോഗികവുമായ രേഖാമൂലമുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് താക്കറെ തന്‍റെ കത്തിൽ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.

സ്‌കൂളുകളിൽ അഞ്ചാം ക്ലാസ് വരെ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയാക്കാനുള്ള തീരുമാനം കഴിഞ്ഞ ഏപ്രിലിൽ മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത വിമർശനത്തിന് പിന്നാലെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ മഹാരാഷ്ട്ര സർക്കാർ നിർബന്ധിതരായത്. മറാത്തിയും ഹിന്ദിയും മുൻഗണനാ ഭാഷകളാക്കുകയും ഹിന്ദി ഓപ്ഷണൽ ആക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ അറിയിക്കുകയായിരുന്നു.

ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹിന്ദി നിർബന്ധമായും മൂന്നാം ഭാഷയായി പഠിക്കണമെന്നുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത് ഏപ്രിൽ 14നായിരുന്നു. സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഈ വ്യവസ്ഥ സംസ്ഥാന സ്‌കൂൾ കരിക്കുലം ഫ്രെയിം വർക്ക് 2024ൽ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ ശിവസേന ഉദ്ധവ് പക്ഷവും മഹാരാഷ്ട്ര നവനിർമാൺ സേനയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനെ ശക്തമായി എതിർത്ത് രംഗത്തെത്തിയിരുന്നു.വിമർശനത്തിന് പിന്നാലെയാണ് ‘നിർബന്ധിതം’ എന്ന പദം സർക്കാർ നീക്കിയത്. നിർബന്ധിതമായി ഹിന്ദി പഠിക്കേണ്ടതില്ലെന്നും, ഓപ്ഷണൽ വിഷയമായി പഠിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കിയത്.

എന്നിരുന്നാലും, ഈ വിശദീകരണം ഉണ്ടായിരുന്നിട്ടും, മുൻ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ഹിന്ദി പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനകം ആരംഭിച്ചിരിക്കാമെന്ന് താക്കറെ ആരോപിച്ചു."പുസ്തകങ്ങൾ അച്ചടിച്ചു എന്നതുകൊണ്ട് മാത്രം സർക്കാർ പുതുക്കിയ തീരുമാനം പിൻവലിക്കാൻ പദ്ധതിയിടുകയാണോ? ഭാവിയിൽ ഹിന്ദിയെക്കുറിച്ചുള്ള മുൻ നിലപാടിലേക്ക് സർക്കാർ മടങ്ങിയാൽ, അതിന്‍റെ അനന്തരഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം സർക്കാർ വഹിക്കണം," അദ്ദേഹം പറഞ്ഞു. "ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ല. മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ, നിരവധി ഇന്ത്യൻ ഭാഷകളിൽ ഒന്നാണിത്. എന്തുകൊണ്ടാണ് ഇത് അടിച്ചേൽപ്പിക്കുന്നത്? സർക്കാരിന്മേൽ എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടായിരുന്നോ?" താക്കറെ ചോദിച്ചു.

TAGS :

Next Story