Quantcast

'ഞങ്ങൾക്കൊരു യോഗിയില്ലാതെ പോയി'; യു.പിയിൽ പള്ളികളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തതിനെ സ്വാഗതം ചെയ്ത് രാജ് താക്കറെ

യു.പിയിൽ സംസ്ഥാനത്തൊട്ടാകെയുള്ള ആരാധനാലയങ്ങളിൽനിന്നായി കഴിഞ്ഞ ദിവസങ്ങളിൽ 778 ഉച്ചഭാഷിണികൾ നീക്കം ചെയ്തിരുന്നു

MediaOne Logo

Web Desk

  • Published:

    28 April 2022 4:30 PM GMT

ഞങ്ങൾക്കൊരു യോഗിയില്ലാതെ പോയി; യു.പിയിൽ പള്ളികളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്തതിനെ സ്വാഗതം ചെയ്ത് രാജ് താക്കറെ
X

മുംബൈ: ഉത്തർപ്രദേശിൽ പള്ളികളിൽനിന്നടക്കം ഉച്ചഭാഷിണികൾ നീക്കം ചെയ്ത നടപടിയെ സ്വാഗതം ചെയ്ത് മഹാരാഷ്ട്ര നവനിർമാൺ സേനാ(എം.എൻ.എസ്) തലവൻ രാജ് താക്കറെ. ആരാധനാലയങ്ങളിൽനിന്ന്, പ്രത്യേകിച്ച് മസ്ജിദുകളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്ത നടപടി അഭിനന്ദാർഹമാണെന്ന് താക്കറെ പറഞ്ഞു.

''മതപരമായ സ്ഥലങ്ങളിൽനിന്ന്, പ്രത്യേകിച്ച് മസ്ജിദുകളിൽനിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തതിന് യോഗി സർക്കാരിനെ ഞാൻ പൂർണഹൃദയത്തോടെ അഭിനന്ദിക്കുകയാണ്. നിർഭാഗ്യവശാൽ മഹാരാഷ്ട്രയിൽ ഞങ്ങൾക്ക് ഒരു 'യോഗി' ഇല്ല. നമുക്കുള്ളത് 'ഭോഗികൾ' മാത്രമാണ്. നല്ല ബോധം വരട്ടെയെന്നാണ് ഇവിടെ പ്രാർത്ഥനയും പ്രതീക്ഷയും.''- രാജ് താക്കറെ ട്വീറ്റ് ചെയ്തു.

മേയ് മൂന്നിനുമുൻപ് സംസ്ഥാനത്തെ മുസ്‌ലിം പള്ളികളിൽനിന്ന് മുഴുവൻ ഉച്ചഭാഷിണികളും നീക്കം ചെയ്യണമെന്ന് രാജ് താക്കറെ നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. ഇതൊരു മതകീയമായ പ്രശ്‌നമല്ലെന്നും സാമൂഹിക പ്രശ്‌നമാണെന്നുമായിരുന്നു താക്കറെയുടെ വാദം. ഉച്ചഭാഷിണികൾ നീക്കിയിട്ടില്ലെങ്കിൽ പള്ളികൾക്കുമുൻപിൽ ഹനുമാൻ ചാലിസ വായിക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, യു.പിയിൽ സംസ്ഥാനത്തൊട്ടാകെയുള്ള ആരാധനാലയങ്ങളിൽനിന്നായി കഴിഞ്ഞ ദിവസങ്ങളിൽ 778 ഉച്ചഭാഷിണികൾ നീക്കം ചെയ്തിരുന്നു. ഇതിനുപുറമേ 21,140 ഉച്ചഭാഷിണികളുടെ ശബ്ദം കുറക്കുകയും ചെയ്തിരുന്നു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ശബ്ദം നിയന്ത്രിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയതിന് പിന്നാലെയായിരുന്നു നടപടി.

Summary: Raj Thackeray lauds Yogi Adityanath for removing loudspeakers from mosques

TAGS :

Next Story