ഗസ്സക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ സംഗമം
വിവിധ മത, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ജന്തർമന്തറിൽ ഐക്യദാർഢ്യം

ന്യൂഡല്‍ഹി: ഗസ്സക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ സംഗമം. വിവിധ മത, സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ഉച്ചക്കു ശേഷം ഡൽഹി ജന്തർമന്തറിൽ വംശഹത്യക്ക് ഇരയാകുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
ഇസ്രായേലിന്റെ ക്രൂരത തുറന്നുകാട്ടുന്ന ടാബ്ലോ ചിത്രങ്ങൾ, ഫലസ്തീന് പിന്തുണ അറിയിക്കുന്ന പോസ്റ്ററുകൾ എന്നിവ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.
ഗസ്സക്ക് മേലുള്ള ഇസ്രായേലിന്റെ വംശീയവെറി അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഗസ്സയിലെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. വംശഹത്യ നടക്കുമ്പോള്‍ മൗനം പാലിക്കുന്നത് അംഗീകരിക്കാനാകാത്തതാണ്. ക്രൂരത അവസാനിപ്പിക്കാനുളള ആവശ്യമായ ഇടപെടല്‍ നടത്തണം. ഫലസ്തീനൊപ്പം നില്‍ക്കുക എന്നത് ഇന്ത്യയുടെ ദേശീയ താല്‍പര്യമാണ്. സര്‍ക്കാറുകള്‍ ധാര്‍മികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും പ്രാസംഗികര്‍ ആവശ്യപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷന്‍ സആദത്തുല്ല ഹുസൈനി, ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് ജനറല്‍ സെക്രട്ടറി മൗലാന ഹകീമുദ്ദിന്‍ ഖാസി, പ്രഫ. അപൂര്‍വാനന്ദ്, പ്രഫ വി.കെ ത്രിപാഠി, അഡ്വ.ലാറാ ജയ്സിങ്, എന്‍എഫ്ഐ ഡബ്ല്യു ജനറല്‍ സെക്രട്ടറി നിഷ സിദ്ദു, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. റൈസുദ്ദീന്‍, രാജ്യസഭാ മുന്‍ എംപി മുഹമ്മദ് അദീബ്, സിയാഉദ്ദീന്‍ സിദ്ദീഖി, എസ്ഐഒ ദേശീയ പ്രസിഡന്റ് അബ്ദുല്‍ ഹഫീസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതിഷേധ സംഗമത്തില്‍ നിന്നും
Adjust Story Font
16

