Quantcast

'രാമ'ന്റെ അമ്പ് കൊണ്ട് 'രാവണ'ന്റെ കണ്ണിന് പരിക്ക്; കേസെടുത്ത് പൊലീസ്

സഹായം ചോദിച്ചപ്പോൾ ജാതിയധിക്ഷേപം നടത്തുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

MediaOne Logo
Ram arrow accidently hits Ravan eye during Ramlila play
X

ലഖ്നൗ: രാംലീല നാടകത്തിൽ രാമവേഷം ചെയ്തയാൾ എയ്ത അമ്പ് കൊണ്ട് 'രാവണ'ന്റെ കണ്ണിന് ​ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ സോനഭദ്ര ജില്ലയിലെ ഷാഹ്​ഗഞ്ചിലാണ് സംഭവം. സുനിൽകുമാർ എന്ന കലാകാരനാണ് കണ്ണിന് ​പരിക്കേറ്റത്. സംഭവത്തിൽ സുനിലിന്റെ പരാതിയിൽ രാമവേഷമിട്ടയാൾക്കും പരിപാടിയുടെ നടത്തിപ്പുകാരനുമെതിരെ കേസെടുത്തു.

നവംബർ 13ന് നടന്ന സംഭവത്തിൽ കഴിഞ്ഞയാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. ഷാഹ്​ഗഞ്ചിൽ രാംസനേഹി സിങ് എന്നയാളാണ് രാംലീല പരിപാടി സംഘടിപ്പിച്ചത്. നാടകത്തിൽ സുനിൽ കുമാർ രാവണ വേഷം ചെയ്തപ്പോൾ നൈതിക് പാണ്ഡെ എന്നയാളായിരുന്നു രാമൻ. രാമ-രാവണ യുദ്ധത്തിനിടെ രാമൻ തൊടുത്ത അമ്പ് രാവണന്റെ കിരീടഭാ​ഗത്തിൽ പതിക്കുന്നതിന് പകരം കണ്ണിൽ കൊള്ളുകയായിരുന്നു.

ഇതോടെ കണ്ണിന് ​ഗുരുതര പരിക്കേൽക്കുകയും രക്തം വരികയും ചെയ്തെങ്കിലും സംഘാടകനോ രാമവേഷം ചെയ്തയാളോ ആശുപത്രിയിൽ കൊണ്ടുപോകാനോ ചികിത്സ നൽകാനോ തയാറായില്ലെന്ന് സുനിൽകുമാറിന്റെ പരാതിയിൽ പറയുന്നു. ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായം പലവട്ടം ചോദിച്ചെങ്കിലും ഇരുവരും തുടർച്ചയായി അവ​ഗണിക്കുകയാണുണ്ടായത്.

പരിക്കേറ്റതിന്റെ പിറ്റേദിവസം സഹായം ചോദിച്ചു ചെന്നപ്പോൾ ആട്ടിയോടിക്കുകയാണ് ഇരുവരും ചെയ്തതെന്ന് സുനിലിന്റെ സഹോദരൻ പറ‍ഞ്ഞു. സഹായം ചോദിച്ചു ചെന്ന താനടക്കമുള്ളവരെ പാണ്ഡെയും രാംസനേഹി സിങ്ങും അധിക്ഷേപിച്ചതായും സഹോദരൻ പറഞ്ഞു. പിന്നീട്, പാണ്ഡെയുടെ വീട്ടിലെത്തിയപ്പോൾ ജാതിയധിക്ഷേപം നടത്തുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും സുനിൽകുമാറിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.

പരാതിയിൽ പൊലീസ് ആദ്യം കേസെടുക്കാൻ തയാറായില്ലെന്നും സുനിൽ പറയുന്നു. പിന്നീട് അന്വേഷണം നടത്തിയ ശേഷമാണ് ഷാഹ്​ഗഞ്ച് പൊലീസ് രാംസനേഹി സിങ്ങിനും നൈതിക് പാണ്ഡെയ്ക്കുമെതിരെ കേസെടുത്തത്. എസ്‌സി- എസ്ടി വിഭാ​ഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകളടക്കം ചുമത്തിയാണ് കേസ്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

TAGS :

Next Story