Quantcast

പൂട്ടിയ ബംഗ്ലാവിനുള്ളിൽ ജീർണിച്ച മൃതദേഹങ്ങൾ; നടി റാണി പത്മിനിയുടെയും അമ്മയുടെയും ദാരുണ കൊലപാതകത്തിന് പിന്നിൽ എന്ത്?

സിനിമയിൽ തിളങ്ങിനിൽക്കെ 22ാം വയസിലാണ് റാണി പത്മിനി ലോകത്തോട് വിട പറയുന്നത്

MediaOne Logo
പൂട്ടിയ ബംഗ്ലാവിനുള്ളിൽ ജീർണിച്ച മൃതദേഹങ്ങൾ; നടി റാണി പത്മിനിയുടെയും അമ്മയുടെയും ദാരുണ കൊലപാതകത്തിന് പിന്നിൽ എന്ത്?
X

ചെന്നൈ: 1986 ഒക്ടോബർ 19... ചെന്നൈ ന​ഗരത്തെയും ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകം നടന്ന ദിനം കൂടിയായിരുന്നു അന്ന്. നാല് ദിവസത്തോളം വെസ്റ്റ് അണ്ണാനഗറിലെ പതിനെട്ടാം നമ്പർ അവന്യൂവിലെ ബംഗ്ലാവിൽ മതിലുകൾക്കുള്ളിൽ ഒരു യുവനടിയുടെയും അമ്മയുടെയും ജീവനറ്റ ശരീരങ്ങൾ കിടന്നത് ആരുമറിയാതെ... 22കാരിയായ നടി റാണി പദ്മിനിയും 46കാരിയായ അമ്മ ഇന്ദിരാകുമാരിയുടേയും മൃതദേഹമാണ് കൊല്ലപ്പെട്ട് ദിവസങ്ങളോളം പുറംലോകം അറിയാതെ ജീർണ്ണിച്ച നിലയിൽ ബാത്ത്റൂമിൽ ഒന്നിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വിശ്വാസവഞ്ചനയിലൂടെയുള്ള അതിക്രൂര ഇരട്ടക്കൊലപാതകം കൂടിയായിരുന്നു അത്.

മലയാളം, തെലു​ഗു, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിൽ സജീവമായിരുന്നു റാണിപദ്മിനി. തുഷാരം, കുയിലിനെ തേടി, സംഘർഷം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ കുറഞ്ഞ കാലത്തിനുള്ളിൽ അവർ പ്രിയങ്കരിയായി മാറി. ഒക്ടോബർ 15നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പുതിയ വീട് വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു താരവും മാതാവും. ഇതുമായി ബന്ധപ്പെട്ട് പണമിടപാടുമായി എത്തിയ റിയൽ എസ്റ്റേറ്റ് ഏജന്റാണ് മരണവിവരം പുറംലോകത്തെ അറിയിക്കുന്നത്. വീട്ടിലെ ഡ്രൈവർ ജെബരാജ്, വാച്ച്മാൻ ലക്ഷ്മി നരസിംഹൻ, പാചകക്കാരൻ ഗണേശൻ എന്നിവരായിരുന്നു ഇരുവരുടേയും ജീവനെടുത്തത്. കൊലപാതകത്തിന് പിന്നാലെ വീട്ടിൽ ജോലിക്ക് നിന്ന മൂന്ന് പേരെ കാണാതായിരുന്നു. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്ക് എത്തിയത്. അതിൽ ഒരാളെ ജോലിക്ക് എടുത്തിട്ട് 11 ദിവസവും മറ്റ് രണ്ടുപേരെ ജോലിക്ക് എടുത്തിട്ട് വെറും 48 മണിക്കൂറും മാത്രമേ ആയിരുന്നുള്ളൂ. വീടിന്റെ മുൻവാതിൽ ബലമായി തുറന്നതിന്റെ യാതൊരു ലക്ഷണങ്ങളും വീട്ടിൽ നിന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. നടിയുടെ വിദേശനിർമ്മിത നിസ്സാൻ കാർ കാണാനില്ലായിരുന്നു, മുറിയിൽ നിന്നും വിലപ്പെട്ട പലതും കെള്ളയടിക്കപ്പെട്ടിരുന്നു.

റാണിയുടെ വയറിലും കഴുത്തിലും നെഞ്ചിലുമായി 12 കുത്തുകളേറ്റ പാടുണ്ടായിരുന്നു. അമ്മയ്ക്ക് 14 കുത്തുകളും ഏറ്റിരുന്നു. വീട്ടിൽ നിന്നും അഞ്ച് ലക്ഷത്തോളം രൂപയും ആഭരണങ്ങളും പ്രതികൾ മോഷ്ടിച്ചിരുന്നു. കൊലപാതകത്തിന് ശേഷം റാണി പദ്മിനിയുടെ നിസാൻ കാറിൽ തന്നെയാണ് പ്രതികൾ രക്ഷപ്പെട്ടതും. 1989 മാർച്ച് മാസത്തിൽ ജില്ലാ സെഷൻസ് കോടതി മൂന്നു പ്രതികൾക്കും വധശിക്ഷ വിധിച്ചു. എന്നാൽ, 1990ൽ മദ്രാസ് ഹൈക്കോടതി ലക്ഷ്മി നരസിംഹനെയും ഗണേശനെയും തെളിവുകളില്ലാത്തത് കാരണം വെറുതെ വിടുകയും, ജബരാജിന്റെ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് തമിഴ്നാട് സർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി ലക്ഷ്മി നരസിംഹന്റെ കുറ്റം ശരിവെക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും മൂന്നാം പ്രതിയായ ഗണേശൻ ഒളിവിൽ പോയിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും ആ ക്രൂരമായ കൊലപാതകം തമിഴ്‌നാട്ടിലും കേരളത്തിലും ഇന്നും ഒരു ഞെട്ടിക്കുന്ന ഓർമ്മയായി അവശേഷിക്കുന്നു.

TAGS :

Next Story