Quantcast

ബലാത്സം​ഗ- കൊലക്കേസ് പ്രതിയായ വിവാദ ആൾദൈവം ​ഗുർമീത് റാമിന് വീണ്ടും പരോൾ; അഞ്ച് വർഷത്തിനിടെ 15ാം തവണ

കഴിഞ്ഞവർഷം ആ​ഗസ്റ്റിലായിരുന്നു പ്രതിക്ക് ഏറ്റവുമൊടുവിൽ പരോൾ ലഭിച്ചത്.

MediaOne Logo
Rape-murder convict Ram Rahim gets another parole 15th such relief since 2017
X

ചണ്ഡീ​ഗഢ്: ബലാത്സം​ഗ- കൊലക്കേസ് പ്രതിയും ദേരാ സച്ചാ സൗദാ തലവനുമായ വിവാദ ആൾദൈവം ​ഗുർമീത് റാമിന് വീണ്ടും പരോൾ. 40 ദിവസത്തെ പരോളാണ് ​ഗുർമീത് റാമിന് ലഭിച്ചിരിക്കുന്നത്. ദേര സച്ച സൗദ ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് 20 വർഷം തടവും പത്രപ്രവർത്തകനെ കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവും അനുഭവിച്ചുവരുന്ന ​ഗുർമീതിന് ശിക്ഷിക്കപ്പെട്ട ശേഷം ലഭിക്കുന്ന 15ാമത്തെ പരോളാണിത്.

ദേരാ സച്ചാ സൗദ സംഘടനയുടെ സിർസയിലെ ആസ്ഥാനത്തായിരിക്കും ഇയാൾ പരോൾ കാലയളവ് ചെലവഴിക്കുക. മുമ്പ് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ദേര ആശ്രമത്തിലായിരുന്നു താമസം. ഹരിയാന റോഹ്ത്തക്കിലെ സുനാരിയ ജയിലിലാണ് നിലവിൽ ഇയാൾ കഴിയുന്നത്.

കഴിഞ്ഞവർഷം ആ​ഗസ്റ്റിലായിരുന്നു പ്രതിക്ക് ഏറ്റവുമൊടുവിൽ പരോൾ ലഭിച്ചത്. 40 ദിവസം തന്നെയായിരുന്നു അന്നും പുറത്ത് തങ്ങിയത്. അതിന് മുമ്പ് അതേവർഷം ഏപ്രിലിൽ 21 ദിവസവും ജനുവരിയിൽ 30 ദിവസവും പരോൾ ലഭിച്ചു. പലപ്പോഴും പരോൾ അനുവദിച്ചത് വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു എന്നതാണ് ശ്രദ്ധേയം. ​

നേരത്തെ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2024 ഒക്ടോബർ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അം​ഗീകാരത്തോടെ സംസ്ഥാന ബിജെപി സർക്കാർ ​ഗുർമീത് റാമിന് 20 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. അതിന് മുമ്പ് അതേവർഷം ആ​ഗസ്റ്റിൽ 21 ദിവസത്തെ പരോൾ നേടി. 2024 ജനുവരിയിൽ 50 ദിവസവും 2023 നവംബറിൽ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് 21 ദിവസവും ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജൂലൈയിൽ 30 ദിവസവും ജൂണിൽ 40 ദിവസവും ഇയാൾക്ക് പരോൾ അനുവദിച്ചിരുന്നു.

ഇതു കൂടാതെ, 2023 ജനുവരിയിൽ 40 ദിവസവും അതിനു മുമ്പ് 2022 ഒക്ടോബറിൽ 40 ദിവസവും ജൂണിൽ 30 ദിവസവും പരോൾ നൽകിയിരുന്നു. 2022 ഫെബ്രുവരി ഏഴിന് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 21 ദിവസം പരോൾ കിട്ടിയ ഇയാൾ, 2021 മെയിലും 2020 ഒക്ടോബറിലും പുറത്തിറങ്ങിയിരുന്നു.

ഗുർമീതിന് തുടർച്ചയായി പരോൾ നൽകുന്നതിനെതിരെ വ്യാപക വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. എന്നാൽ പ്രതിഷേധം വകവയ്ക്കാതെയാണ് ജയിൽ അധികൃതരും സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരും വീണ്ടും പരോൾ അനുവദിക്കുന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ അടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്ക് നിരവധി അനുയായികളുണ്ട്. പ്രത്യേകിച്ച് സിർസ, ഫത്തേഹാബാദ്, കുരുക്ഷേത്ര, കൈതാൽ, ഹിസാർ എന്നിവയുൾപ്പെടെ ഹരിയാനയിലെ നിരവധി ജില്ലകളിൽ ദേര സച്ച സൗദയ്ക്ക് ശക്തമായ സ്വാധീനമാണുള്ളത്.

1948ൽ മസ്താ ബലോചിസ്താനി ആരംഭിച്ച ദേര സച്ച സൗദ എന്ന സംഘടനയുടെ തലവനാണ് ഗുർമീത് സിങ്. ഈ ആശ്രമത്തിലെ അന്തേവാസികളായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഗുർമീതിനെ 20 വർഷം തടവിന് ശിക്ഷിച്ചത്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്‍റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു.

2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. 2002ല്‍ തന്റെ മാനേജരായിരുന്ന രഞ്ജിത് സിങ്ങിനെ വധിച്ച കേസിൽ മറ്റ് നാല് പേര്‍ക്കൊപ്പം 2021ലും ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വെടിവച്ചാണ് രഞ്ജിത് സിങ്ങിനെ കൊലപ്പെടുത്തിയത്. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച വാര്‍ത്തകള്‍ പുറംലോകത്തെ അറിയിച്ചത് രഞ്ജിത് സിങ്ങാണ് എന്നാരോപിച്ചാണ് ​ഗുർമീതും കൂട്ടാളികളും ഇയാളെ വെടിവച്ചു കൊന്നത്. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019ലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.

TAGS :

Next Story