Quantcast

'പൊലീസ് ഉദ്യോ​ഗസ്ഥൻ നാല് തവണ ബലാത്സം​ഗം ചെയ്തു, അയാളാണ് എന്റെ മരണത്തിന് ഉത്തരവാദി'; കൈയിൽ കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വനിതാ ഡോക്ടർ

സമാന ആരോപണങ്ങൾ ഉന്നയിച്ച് ജൂൺ 19ന് ഫൽതാൻ ഡിഎസ്പിക്ക് ഇതേ വനിതാ ഡോക്ടർ കത്തെഴുതിയിരുന്നു. എന്നാൽ നടപടിയെടുത്തിരുന്നില്ല.

MediaOne Logo

Web Desk

  • Published:

    24 Oct 2025 4:56 PM IST

Raped By Cop 4 Times Maharashtra Woman Doctors Suicide Note On Hand
X

ഭോപ്പാൽ: പൊലീസ് ഉദ്യോ​ഗസ്ഥൻ ബലാത്സം​ഗം ചെയ്തതായും ശാരീരിക മാനസിക പീഡനത്തിന് ഇരയാക്കിയെന്നും അയാളാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും കൈവെള്ളയിൽ കുറിപ്പെഴുതിവച്ച് ജീവനൊടുക്കി വനിതാ ഡോക്ടർ. മഹാരാഷ്ട്രയിലെ സതാരയിൽ വ്യാഴാഴ്ച രാത്രിയാണ് വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തത്. സബ് ഇൻസ്പെക്ടറായ ​ഗോപാൽ ബദ്നെ അഞ്ച് മാസത്തിനിടെ നാല് തവണ തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് സർക്കാരിനുള്ള കീഴിലുള്ള ഫൽതാൻ സബ് ജില്ലാ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ ഡ‍ോക്ടറുടെ പരാതി.

ഇയാളുടെ തുടർച്ചയായ പീഡനമാണ് ജീവൻ അവസാനിപ്പിക്കാൻ യുവതിയെ പ്രേരിപ്പിച്ചത്. പൊലീസ് സബ് ഇൻസ്പെക്ടർ ​ഗോപാൽ ബദ്നെയാണ് എന്റെ മരണത്തിന് കാരണക്കാരൻ. അയാളെന്നെ നാല് തവണ ബലാത്സം​ഗം ചെയ്തു. അഞ്ച് മാസത്തിലേറെയായി അയാൾ എന്നെ ലൈം​ഗിക-‌ മാനസിക- ശാരീരിക പീഡനത്തിന് വിധേയമാക്കി"- യുവതിയുടെ കൈയിലെഴുതിയ കുറിപ്പിൽ പറയുന്നു.

സംഭവത്തിന് പിന്നാലെ എസ്ഐ ​ഗോപാൽ ബദ്നെയെ സസ്പെൻഡ് ചെയ്തു. സമാന ആരോപണങ്ങൾ ഉന്നയിച്ച് ജൂൺ 19ന് ഫൽതാൻ ഡിഎസ്പിക്ക് ഇതേ വനിതാ ഡോക്ടർ കത്തെഴുതിയിരുന്നു. ഫൽതാൻ റൂറൽ പൊലീസിലെ മൂന്ന് പൊലീസുകാർ തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ചുള്ള കത്തിൽ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കത്തിൽ എസ്ഐ ​ഗോപാൽ ബദ്‌നെ, സബ് ഡിവിഷണൽ പൊലീസ് ഇൻസ്‌പെക്ടർ പാട്ടീൽ, അസിസ്റ്റന്റ് പൊലീസ് ഇൻസ്‌പെക്ടർ ലാഡ്‌പുത്രെ എന്നിവരുടെ പേരുകളാണ് പരാമർശിച്ചിരുന്നത്. എന്നാൽ ഈ പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് ഇപ്പോൾ ഡോക്ടറുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണം ശക്തമാണ്.

മരണത്തിന് പിന്നാലെ ആത്മഹത്യാക്കുറിപ്പ് സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. വനിതാ ഡോക്ടറുടെ ആത്മഹത്യയിൽ സംസ്ഥാന ബിജെപി സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് വിജയ് നംദേവ് റാവു വഡേട്ടിവാർ രം​ഗത്തെത്തി.

'സംരക്ഷകൻ വേട്ടക്കാരനായി മാറുന്നു. പൊലീസിന്റെ കടമ ജനങ്ങളെ സംരക്ഷിക്കുക എന്നതാണ്, എന്നാൽ അവർ തന്നെ ഒരു വനിതാ ഡോക്ടറെ ചൂഷണം ചെയ്താൽ എങ്ങനെയാണ് നീതി നടപ്പാക്കുക? ഈ യുവതി മുമ്പ് പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണ്? മഹായുതി സർക്കാർ പൊലീസിനെ ആവർത്തിച്ച് സംരക്ഷിക്കുന്നു, ഇത് പൊലീസ് അതിക്രമങ്ങൾ വർധിക്കാൻ കാരണമാകുന്നു'- അദ്ദേഹം എക്‌സിലെ പോസ്റ്റിൽ കുറിച്ചു.

ഈ കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടാൽ മാത്രം പോരാ. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിടണം, അല്ലാത്തപക്ഷം അവർ അന്വേഷണത്തിൽ ഇടപെടും, സമ്മർദം ചെലുത്തും. ഡോക്ടറുടെ മുൻ പരാതി എന്തുകൊണ്ട് ഗൗരവമായി എടുത്തില്ല? അത് അവഗണിച്ചവരും ഈ പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ചവരും നടപടി നേരിടണം. പൊലീസിനെതിരെ നടപടിയെടുക്കുന്നതുവരെ അവരുടെ അതിക്രമങ്ങൾ നിയന്ത്രിക്കാനാവില്ല"- അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ ഡോക്ടറുടെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ബിജെപി പ്രതികരിച്ചു. വിഷയത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന വനിതാ കമ്മീഷൻ പൊലീസിനോട് നിർദേശിച്ചു.

ഡോക്ടറുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഒളിവിലുള്ള പ്രതിക്കായി ഉടനടി തിരച്ചിൽ നടത്താനും കൃത്യമായ അന്വേഷണം നടത്താനും സതാര പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതായി കമ്മീഷൻ എക്സിൽ കുറിച്ചു. ഇരയായ സ്ത്രീക്ക് താൻ നേരിട്ട പീഡനത്തെക്കുറിച്ച് മുമ്പ് പരാതിപ്പെട്ടിട്ടും സഹായം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാനും ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കാനും പൊലീസിനോട് നിർദേശിച്ചിട്ടുണ്ടെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

TAGS :

Next Story