Quantcast

'ഞെട്ടേണ്ടതില്ല, മഹാരാഷ്ട്രയുടെ അതേ പാറ്റേൺ'; ബിഹാറിലേത് ബിജെപി- തെര. കമ്മീഷൻ ഒത്തുകളിയെന്ന് സഞ്ജയ് റാവത്ത്

ബിഹാറിൽ അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന സഖ്യം 50 സീറ്റിൽ താഴെയായെന്നും റാവത്ത് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-11-15 01:38:16.0

Published:

14 Nov 2025 4:55 PM IST

Raut alleges BJP-EC collusion in Bihar polls says same Maharashtra pattern
X

Photo| Special Arrangement

മുംബൈ: ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിപ്പിക്കുന്നതല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തങ്ങളുടെ ദേശീയ അജണ്ട നടപ്പാക്കാൻ കൈകോർത്ത് പ്രവർത്തിച്ചെന്നും ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്. 2024 മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ അതേ പാറ്റേണാണ് ബിഹാറിലും കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഞെട്ടേണ്ടതില്ല. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കൈകോർത്ത് നടപ്പിലാക്കുന്ന ദേശീയ അജണ്ട നോക്കുമ്പോൾ, ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു ഫലം സാധ്യമല്ല. ഇത് മഹാരാഷ്ട്ര പാറ്റേൺ പോലെയാണ്'- അദ്ദേഹം പറഞ്ഞു.

ബിഹാറിൽ അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന സഖ്യം 50 സീറ്റിൽ താഴെയായെന്നും റാവത്ത് പറഞ്ഞു. ബിജെപി- ശിവസേന- എൻസിപി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യമായിരുന്നു കഴിഞ്ഞവർഷം മഹാരാഷ്ട്രയിൽ വിജയിച്ചത്. അതേസമയം, സ്ത്രീ വോട്ടർമാർക്ക് വിതരണം ചെയ്ത 10,000 രൂപയാണ് ബിഹാറിലെ ഫലത്തെ സ്വാധീനിച്ചതെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്‍ലോട്ട് ആരോപിച്ചു.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 'മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന' പരിപാടിയിലൂടെ 75 ലക്ഷം സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നിക്ഷേപിച്ചെന്നായിരുന്നു എൻഡിഎയുടെ അവകാശവാദം. തെരഞ്ഞെടുപ്പ് കാലയളവിൽ ഇത്തരത്തിൽ പണം വിതരണം ചെയ്യുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിശബ്ദ കാഴ്ചക്കാരനായി നിന്നെന്നും അശോക് ഗെഹ്‍ലോട്ട് വിമര്‍ശിച്ചു.

ഇതൊരു തരം വോട്ട് മോഷണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെപ്തംബര്‍ 26നാണ് പ്രധാനമന്ത്രി എംഎംആർവൈ പദ്ധതി ഉദ്ഘാടനം ചെയ്തത്. പത്ത് ദിവസത്തിന് ശേഷം, ഒക്ടോബർ ആറിന്, തെരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാർ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് വനിതാ ഗുണഭോക്താക്കൾക്ക് 10,000 രൂപ നൽകുന്നത്.

ബിജെപി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആർജെഡിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ബിഹാറിൽ 202 സീറ്റുകളിൽ ലീഡ‍് ചെയ്ത് എൻഡിഎ വീണ്ടും അധികാരത്തിലേക്ക് നീങ്ങുകയാണ്. കനത്ത തിരിച്ചടിയാണ് തേജസ്വിയുടെ ആർജെഡി നേതൃത്വത്തിലുള്ള മഹാ​ഗഢ്ബന്ധൻ സഖ്യത്തിന് നേരിടേണ്ടിവന്നത്. കേവലം 35 സീറ്റുകളിൽ മാത്രമാണ് പ്രതിപക്ഷ സഖ്യം മുന്നിട്ടുനിൽക്കുന്നത്.

2020ൽ 75 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആർജെഡിയുടെ സീറ്റ് നില ഇത്തവണ വെറും 26 ആയി കുറഞ്ഞു. കഴിഞ്ഞ തവണ 19 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ വെറും അഞ്ച് സീറ്റിലാ‌ണ് മുന്നിലുള്ളത്. സിപിഐ(എംഎൽ) രണ്ട് സീറ്റിലും സിപിഎം ഒരു സീറ്റിലും മുന്നിട്ടുനിൽക്കുന്നു.

TAGS :

Next Story