Quantcast

അച്ഛന് പാറ്റേണിറ്റി അവധി നിഷേധിക്കുന്നത് കുട്ടിയുടെ മൗലികാവകാശങ്ങളുടെ ലംഘനം-മദ്രാസ് ഹൈക്കോടതി

''ഗർഭസ്ഥശിശുവിനു മാന്യമായ പ്രസവകാല പരിചരണവും കൃത്യമായ ആരോഗ്യ സുരക്ഷയും പ്രസവാനന്തര ആരോഗ്യസംരക്ഷണവുമെല്ലാം ഒരുക്കാനുള്ള ബാധ്യത ക്ഷേമരാഷ്ട്രത്തിനുണ്ട്.''

MediaOne Logo

Web Desk

  • Published:

    21 Aug 2023 12:00 PM GMT

Madras High Court says refusing paternity leave to father violates childs right to life, Madras High Court on paternity leave, paternity leave, Madras High Court
X

മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് പുരുഷന്മാർക്ക് അനുവദിക്കുന്ന പാറ്റേണിറ്റി അവധിയിൽ വിട്ടുവീഴ്ച പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി. അച്ഛന് പാറ്റേണിറ്റി അവധി നിഷേധിക്കുന്നത് കുട്ടികളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നു കോടതി വ്യക്തമാക്കി.

ഭാര്യയുടെ പ്രസവത്തിന്റെ ഭാഗമായി അവധിയിൽ പോയതിനു നടപടി സ്വീകരിച്ചതിനെതിരെ തമിഴ്‌നാട്ടിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പാറ്റേണിറ്റി/രക്ഷാകർതൃ അവധിയെ അവകാശമായി അംഗീകരിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുയാണെന്ന് കോടതി നിരീക്ഷിച്ചു. സ്വന്തം കുഞ്ഞുങ്ങളുടെയും ദത്തെടുത്ത കുട്ടികളുടെയുമെല്ലാം അടിസ്ഥാന മനുഷ്യാവകാശമാണതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരിയുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഭരണഘടനയുടെ 21, 15(3) വകുപ്പുകൾ കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തിനു സംരക്ഷണം ഉറപ്പുനൽകുന്നുണ്ടെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സ്വന്തം മാതാപിതാക്കൾക്കും ദത്തെടുത്ത രക്ഷിതാക്കൾക്കും പ്രസവാവധിയും പാറ്റേണിറ്റി അവധിയും നൽകുന്നത് ആ നിലയ്ക്ക് മൗലികാവകാശങ്ങളിൽ ഉൾപ്പെടുമെന്നും അവർ പറഞ്ഞു.

ഗർഭസ്ഥശിശുവിനു മാന്യമായ പ്രസവകാല പരിചരണവും കൃത്യമായ ആരോഗ്യ പരിചരണവും പ്രസവത്തിനുശേഷമുള്ള ആരോഗ്യസംരക്ഷണവുമെല്ലാം ഒരുക്കാനുള്ള ബാധ്യത ഒരു ക്ഷേമരാഷ്ട്രത്തിനുണ്ട്. മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും പ്രസവാവധിയും പാറ്റേണൽ അവധിയും അനുവദിക്കുന്നത് പ്രസവത്തിനുമുൻപും ശേഷവും കുട്ടികൾക്കു കൃത്യമായ പരിചരണം ഉറപ്പാക്കാൻ വേണ്ടിയാണ്. ഇത് 21-ാം വകുപ്പിൽ ഉറപ്പുനൽകുന്ന കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തിനുള്ള സംരക്ഷണത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

Summary: 'Refusing paternity leave to father violates child's right to life': Madras High Court

TAGS :

Next Story