Quantcast

'ഇന്ത്യൻ പുരുഷൻമാരെ ഡേറ്റ് ചെയ്യുകയോ, വിവാഹം കഴിക്കുകയോ ചെയ്യരുത്'; യുവതികൾക്ക് ഉപദേശവുമായി റിലേഷൻഷിപ്പ് കോച്ച്

2024ൽ അയ്യായിരത്തിലധികം സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    20 Jun 2026 5:17 PM IST

ഇന്ത്യൻ പുരുഷൻമാരെ ഡേറ്റ് ചെയ്യുകയോ, വിവാഹം കഴിക്കുകയോ ചെയ്യരുത്; യുവതികൾക്ക് ഉപദേശവുമായി റിലേഷൻഷിപ്പ് കോച്ച്
X

ഡൽഹി: ഇന്ത്യൻ പുരുഷൻമാരുമായി ഡേറ്റ് ചെയ്യുകയോ വിവാഹം കഴിക്കുകയോ ചെയ്യരുതെന്ന ഉപദേശവുമായി റിലേഷൻഷിപ്പ് കോച്ച് ചേത്‍ന ചക്രവര്‍ത്തി. ഭോപ്പാലിലെ മോഡൽ ട്വിഷ ശര്‍മയുടെ മരണം, 370 രൂപ ബിരിയാണി വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് ചേത്ന ഇങ്ങനെ പറഞ്ഞത്. ആയിരക്കണക്കിന് സ്ത്രീധന മരണങ്ങൾ എല്ലാ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുകയും ലക്ഷക്കണക്കിന് ഗാർഹിക പീഡന കേസുകൾ പുറത്തുവരുകയും ചെയ്യുന്ന ഒരു രാജ്യത്ത്, സ്ത്രീകൾ അവിവാഹിതരായിരിക്കുന്നതാണ് നല്ലതെന്ന് അവര്‍ തുറന്നുപറയുന്നു.

"മാനസികരോഗികളായ അമ്മായിയമ്മമാർ, പീഡിപ്പിക്കുന്ന ഭർത്താക്കന്മാർ, ഒരു പെൺകുട്ടിക്ക് 370 രൂപയുടെ ബിരിയാണി വാങ്ങി നൽകിയാൽ അവളിൽ നിന്ന് എന്തും പ്രതീക്ഷിക്കാമെന്ന് കരുതുന്ന ആൺകുട്ടികൾ..അവർക്കിടയിൽ ജീവിക്കുന്നതിനേക്കാൾ, ഇന്ത്യൻ സ്ത്രീകൾ ഇനി ഒറ്റയ്ക്ക് ജീവിക്കുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ ഇന്ത്യൻ പുരുഷന്മാരെ വിവാഹം കഴിക്കാതിരിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കണമെന്നാണ് ഞാൻ കരുതുന്നത്." ചേത്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിക്കുന്നു.

"അതെ, കഴിഞ്ഞ 15 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരു റിലേഷൻഷിപ്പ് കോച്ചിന്‍റെ വാക്കുകളായി തന്നെ ഇത് എടുത്തോളൂ. എനിക്ക് കൈകാര്യം ചെയ്യേണ്ടി വരുന്ന കേസുകളുടെ സ്വഭാവം വെച്ച് നോക്കുമ്പോൾ, എന്‍റെ പ്രിയപ്പെട്ട സ്ത്രീകളെ, നിങ്ങൾ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇത്തരം കുടുംബങ്ങളും, നട്ടെല്ലില്ലാത്തവരും പീഡകരുമായ ഈ ആൺകുട്ടികളും നിങ്ങളെ ഒട്ടും അർഹിക്കുന്നില്ല," ചക്രവർത്തി കൂട്ടിച്ചേർത്തു.

നിരവധി പേര്‍ റിലേഷൻഷിപ്പ് കോച്ചിന്‍റെ അഭിപ്രായത്തോട് യോജിച്ചു. "ഞാൻ ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ചിട്ട് 12 വർഷമായി, ഇത് പറയുന്നതിൽ എനിക്ക് വിഷമം തോന്നുന്നു. പക്ഷേ ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും പറയില്ല. എന്‍റെ മകൾ ഒരു ഇന്ത്യക്കാരനെ വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല."

''2024ൽ അയ്യായിരത്തിലധികം സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട് ഏകദേശം 1.4 ലക്ഷം കേസുകൾ എല്ലാ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. സ്ത്രീകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കടപ്പെട്ടിരിക്കുന്നു എന്ന മട്ടിൽ, കോമഡി ഷോകളിലെ ഇന്ത്യൻ പുരുഷന്മാർ സമ്മതത്തെക്കുറിച്ചുള്ള തികഞ്ഞ ധാരണയില്ലായ്മ കാണിക്കുന്നു. ഇന്ത്യൻ സ്ത്രീകൾ അവിവാഹിതരാകുന്നതാണ് നല്ലതെന്ന് തെളിയിക്കാനുള്ള കാരണങ്ങൾ ഇവയാണ്'' ചേത്ന പറയുന്നു.

എന്നാൽ ചേത്നയുടെ അഭിപ്രായത്തോട് വിയോജിക്കുന്നവരുമുണ്ടായിരുന്നു. "ഞാൻ റഷ്യക്കാരിയാണ്, റഷ്യൻ പുരുഷന്മാരെക്കുറിച്ച് ഞാൻ ഇതുതന്നെയാണ് പറയുന്നത്. ഇപ്പോൾ ഞാൻ ഒരു ഇന്ത്യക്കാരനുമായി ബന്ധത്തിലാണ്, ഇതുവരെ ഞാൻ കണ്ട പുരുഷൻമാരിൽ ഏറ്റവും മികച്ച പുരുഷനാണ് അയാൾ" ഒരു ഉപയോക്താവ് കുറിച്ചു. ഇതുപോലുള്ള പ്രസ്താനകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നായിരുന്നു മറ്റൊരാൾ ചൂണ്ടിക്കാട്ടിയത്. ''ഞാൻ മെക്സിക്കൻ ആണ്, 22 വർഷമായി ഒരു പഞ്ചാബി പുരുഷനുമായി സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നു. കുടുംബ സുഹൃത്തുക്കൾ വഴിയാണ് ഞാൻ അദ്ദേഹത്തെ ഇന്ത്യയിൽ കണ്ടുമുട്ടിയത്. രണ്ടുപേരും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഞങ്ങൾ പ്രണയത്തിലായി, ഡേറ്റിംഗ് ആരംഭിച്ചു, ഇപ്പോൾ വളരെക്കാലമായി ഒരുമിച്ചാണ്. മൂന്ന് കുട്ടികളുണ്ട്. ഒരു വിവാഹവും എളുപ്പമല്ല, പക്ഷേ ഞങ്ങളെ ബന്ധിപ്പിക്കുന്നത് എന്താണെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും, അത് പ്രണയവും നർമവുമാണ്." അവര്‍ പറയുന്നു.

TAGS :

Next Story