'താലി' ഊരിവെക്കുന്നത് ഭര്‍ത്താവിനോടുള്ള മാനസിക ക്രൂരത'; 49 വർഷം പഴക്കമുള്ള ദാമ്പത്യം അവസാനിപ്പിക്കാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി
ഹിന്ദു ആചാരപ്രകാരം വിവാഹിതയായ സ്ത്രീ ഭർത്താവിന്റെ ജീവിതകാലത്ത് താലി ഊരിമാറ്റില്ല എന്നത് പരസ്യമായ വസ്തുതയാണെന്ന് കോടതി

ചെന്നൈ: ഹിന്ദു വിവാഹങ്ങളിൽ 'താലി' (മംഗല്യസൂത്രം) നീക്കം ചെയ്യുന്നത് ഉയർന്ന രീതിയിലുള്ള മാനസിക പീഡനമാണെന്ന് വ്യക്തമാക്കി മദ്രാസ് ഹൈക്കോടതി. വിരമിച്ച സൈനിക ഉദ്യോഗസ്ഥന് അനുകൂലമായി വിചാരണ കോടതി അനുവദിച്ച വിവാഹമോചനം ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് പി. വടമലൈയുടെ ഉത്തരവ്. ഇതോടെ ഇരുവർക്കുമിടയിലെ 49 വർഷം പഴക്കമുള്ള ദാമ്പത്യബന്ധം പിരിയാന്‍ കോടതി അനുമതി നല്‍കി.
1977 ആഗസ്റ്റിൽ ഹിന്ദു ആചാരപ്രകാരം വിവാഹിതരായ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. എന്നാൽ ദാമ്പത്യത്തിന്റെ ആദ്യഘട്ടം മുതൽ തന്നെ ഇവർക്കിടയിൽ ഭിന്നതകൾ നിലനിന്നിരുന്നു. ഭർത്താവിന് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സൈനിക മേലുദ്യോഗസ്ഥർക്ക് ആവർത്തിച്ച് പരാതികൾ നൽകിയിരുന്നു. ഇത് സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മുന്നിൽ ഭർത്താവിന്റെ പ്രശസ്തിയെയും മാനസികാവസ്ഥയെയും ദോഷകരമായി ബാധിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. താലി ഊരിമാറ്റിയതും, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ഇരുവരും വേർപിരിഞ്ഞു കഴിയുന്നതും ഹിന്ദു വിവാഹ നിയമപ്രകാരം മാനസിക ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി വിലയിരുത്തി. കൂടാതെ ഭാര്യ മതം മാറി ക്രിസ്തുമതം സ്വീകരിച്ചെന്ന ആരോപണവും കോടതി തള്ളിക്കളഞ്ഞില്ല.
സുപ്രിംകോടതിയുടെ മുൻവിധികൾ ഉദ്ധരിച്ചുകൊണ്ട്, പങ്കാളിയുടെ തൊഴിലുടമയ്ക്ക് നൽകുന്ന ഇത്തരം അപകീർത്തികരമായ പരാതികൾ മാനസിക ക്രൂരതയുടെ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കി.
കേസിലെ ഏറ്റവും പ്രധാനപ്പെട്ട വശമായി കോടതി ചൂണ്ടിക്കാണിച്ചത് ഭാര്യ തന്റെ താലി അഴിച്ചുമാറ്റിയതായി സമ്മതിച്ചതാണ്. ഹിന്ദു ആചാരപ്രകാരം വിവാഹിതയായ ഒരു സ്ത്രീ ഭർത്താവിന്റെ ജീവിതകാലത്ത് താലി ഊരിമാറ്റില്ല എന്നത് പരസ്യമായ വസ്തുതയാണെന്ന് കോടതി ഓർമ്മിപ്പിച്ചു. ദാമ്പത്യ ജീവിതത്തിന്റെ തുടർച്ചയെ പ്രതീകപ്പെടുത്തുന്ന പവിത്രമായ താലി നീക്കം ചെയ്യുന്നത് ഭർത്താവിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും കടുത്ത മാനസിക പീഡനവുമാണെന്ന് ജസ്റ്റിസ് വടമലൈ നിരീക്ഷിച്ചു.
"ഭാര്യയുടെ കഴുത്തിലെ താലി ദാമ്പത്യ ജീവിതത്തിന്റെ തുടർച്ചയെ പ്രതീകപ്പെടുത്തുന്ന പവിത്രമായ ഒന്നാണ്. അത് ഭർത്താവിന്റെ മരണശേഷമേ നീക്കം ചെയ്യാറുള്ളൂ. അതിനാൽ ഭാര്യ താലി നീക്കം ചെയ്യുന്നത് ഭർത്താവിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും കടുത്ത മാനസിക പീഡനവുമാണ്," എന്ന് മുൻ കോടതി വിധികൾ ഉദ്ധരിച്ച് ജസ്റ്റിസ് വടമലൈ നിരീക്ഷിച്ചു.
കൂടാതെ, ഇരുവരും 1996 മുതൽ (ഏകദേശം മൂന്ന് പതിറ്റാണ്ടോളമായി) വേർപിരിഞ്ഞാണ് താമസിക്കുന്നത്. ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ ഭാര്യയുടെ ഭാഗത്തുനിന്ന് ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. പതിറ്റാണ്ടുകളായി കടലാസിൽ മാത്രം നിലനിൽക്കുന്നതും കൈപ്പേറിയതുമായ ഇത്തരം ബന്ധങ്ങൾ തുടരുന്നത് ക്രൂരതയ്ക്ക് കാരണമാകുമെന്ന സുപ്രിം കോടതി നിരീക്ഷണത്തെ മുൻനിർത്തി, ഭാര്യ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളുകയും വിവാഹമോചനം ശരിവയ്ക്കുകയും ചെയ്തു.
Adjust Story Font
16

