Quantcast

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

മഗ്രാഹാത് വെസ്റ്റില്‍ 11 ബൂത്തിലും ഡയമണ്ട് ഹാര്‍ബറില്‍ 4 ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-05-01 13:40:59.0

Published:

1 May 2026 7:05 PM IST

Repolling in 15 Bengal booths tomorrow
X

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ് നടക്കും. മഗ്രാഹാത് വെസ്റ്റില്‍ 11 ബൂത്തിലും ഡയമണ്ട് ഹാര്‍ബറില്‍ 4 ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. എല്ലാം സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വരുന്ന ബൂത്തുകളാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടിങ്ങില്‍ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിന്റെയും ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് റീപോളിങ് എന്നാണ് വിവരം.

മറ്റൊരു മണ്ഡലമായ ഫാല്‍ട്ടയിലെ ബൂത്തുകളില്‍ ഇവിഎം തിരിമറി നടന്നതായി ബിജെപി ആരോപണമുന്നയിച്ചിട്ടുണ്ട്. ഇവിടെ ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രത്തിലെ ബട്ടണുകളില്‍ സെല്ലോ ടേപ്പുകള്‍ ഉപയോഗിച്ച് കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ് ഇവിടം. ഇവിടെ 30 ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ കമ്മീഷന്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, ബംഗാളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുത്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഏപ്രില്‍ 23നും 29നുമായി രണ്ട് ഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പോളിങ് ശതമാനമാണ് ഇക്കുറിയുണ്ടായത്. രണ്ടുഘട്ടത്തിലുമായി ആകെ 92.47 ശതമാനമാണ് പോളിങ്.

TAGS :

Next Story