77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം; ഡൽഹി കർത്തവ്യപഥിൽ രാവിലെ 10.30ഓടെ പരേഡ്
ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാണ് രാജ്യത്തിന്‍റേതെന്ന് രാഷ്ട്രപതി പറഞ്ഞു

ഡൽഹി: ഇന്ത്യ റിപ്പബ്ലിക്കായിട്ട് ഇന്ന് 77 വര്‍ഷം. രാജ്യത്തിന്‍റെ കരുത്തും അഭിമാനവും വാനോളമുയർത്തുന്ന റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥിൽ ഒമ്പതുമണിയോടെ തുടക്കമാകും. ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാണ് രാജ്യത്തിന്‍റേതെന്ന് രാഷ്ട്രപതി പറഞ്ഞു.
ദേശീയ സ്മാരകത്തിൽ പ്രധാനമന്ത്രിയും സൈനികതലവന്മാരും പുഷ്പചക്രം സമർപ്പിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. തുടർന്ന് പ്രധാനമന്ത്രി കർത്തവ്യപഥ്ലെ പ്രധാന വേദിയിലെത്തും. അംഗരക്ഷകരുടെ അകമ്പടിയോടെ പിന്നാലെ രാഷ്ട്രപതിയും വേദിയിലേക്ക്..തുടർന്ന് ദേശീയപതാക ഉയർത്തും.
രാജ്യത്തിന്‍റെ സൈനിക കരുത്തും സാംസ്കാരിക ചരിത്രവും വിളിച്ചോതുന്ന വര്‍ണാഭമായ പരേഡിന് കര്‍ത്തവ്യപഥ് സാക്ഷ്യം വഹിക്കുക. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമെത്തുന്ന ആദ്യ റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യം പുത്തന്‍ ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും പ്രദര്‍ശിപ്പിക്കും. സ്വാതന്ത്ര്യ സമര സേനാനികളെ തന്‍റെ റിപ്പബ്ലിക് സന്ദേശത്തിൽ രാഷ്ട്രപതി അനുസ്മരിച്ചു.
യൂറോപ്യൻ കൗണ്‍സില്‍ പ്രസിഡന്‍റ് അന്‍റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് എന്നിവരാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥികൾ. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെയെത്തുന്ന റിപ്പബ്ലിക് ദിനത്തിൽ കനത്ത സുരക്ഷയാണ് ഡൽഹി ഒരുക്കിയിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കര്‍ ദേശീയ പതാക ഉയർത്തും. മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയിൽ പങ്കെടുക്കും. വിവിധ സേനാ വിഭാഗങ്ങളുടെയും എൻഎസ്എസ്, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിച്ച ശേഷം, ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും.
തുടർന്ന് ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പൃഷ്ടി നടത്തും. പരേഡിന് ശേഷം വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും. രാവിലെ 9.30 ന് നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ എ.എൻ ഷംസീർ ദേശീയ പതാക ഉയർത്തും.
Adjust Story Font
16

