തെലങ്കാനയിലെ തുരങ്ക അപകടം: രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ, കുടുങ്ങിക്കിടക്കുന്നത് എട്ട് പേർ
തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല

ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ. തുരങ്കത്തിനുള്ളിൽ 13 കിലോമീറ്റർ വരെ സഞ്ചരിക്കാൻ രക്ഷാപ്രവർത്തകർക്ക് സഞ്ചരിക്കാൻ സാധിച്ചുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ടണൽ മുഖത്ത് നിന്നും 14 കിലോമീറ്ററിനുള്ളിലാണ് അപകടമുണ്ടായത്. ടണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
"ഇരുമ്പ്, ചെളി, സിമന്റ് കട്ടകൾ തുടങ്ങിയ അവശിഷ്ടങ്ങൾ രക്ഷാപ്രവർത്തകർ നീക്കം ചെയ്യേണ്ടിവരും. തകർന്ന തുരങ്കത്തിൽ 13 കിലോമീറ്റർ വരെ ടീമുകൾക്ക് എത്താൻ കഴിഞ്ഞു. ശനിയാഴ്ച ടണൽ ബോറിംഗ് മെഷീൻ അവസാനമായി സ്ഥാപിച്ച സ്ഥലത്തെ സ്ഥിതിഗതികൾ അവർ വിലയിരുത്തി വരികയാണ്," ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ തൊഴിലാളികളുമായി നേരിട്ട് ആശയവിനിമയം നടത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
കുടുങ്ങിക്കിടക്കുന്ന ആറ് പേർ ജയ്പ്രകാശ് അസോസിയേറ്റ്സ് കമ്പനിയിലെ ജീവനക്കാരാണ്. ഇതിൽ രണ്ട് പേർ എഞ്ചിനീയർമാരും നാല് പേർ തൊഴിലാളികളുമാണ്. ബാക്കി രണ്ടുപേർ ഒരു യുഎസ് കമ്പനിയിലെ ജീവനക്കാരുമാണ്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മന്ത്രിമാരായ എൻ ഉത്തം കുമാർ റെഡ്ഡിയും ജെ കൃഷ്ണ റാവുവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും, രക്ഷാപ്രവർത്തനത്തിന് കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

