Quantcast

'ജെൻ സികൾ എംഎൽഎയും എംപിയും ആവട്ടെ'; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കണമെന്ന് രേവന്ത് റെഡ്ഡി

പ്രായപരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പ്രമേയം ഉടൻ തന്നെ തെലങ്കാന നിയമസഭയിൽ അവതരിപ്പിക്കുമെന്നും അത് കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി അയക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി

MediaOne Logo
ജെൻ സികൾ എംഎൽഎയും എംപിയും ആവട്ടെ; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി കുറയ്ക്കണമെന്ന് രേവന്ത് റെഡ്ഡി
X

ഹൈദരാബാദ്: നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 25-ൽ നിന്ന് 21 ആയി കുറയ്ക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച പശ്ചാത്തലത്തിലാണ് രേവന്ത് റെഡ്ഡി പുതിയ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഹൈദരാബാദിൽ സംഘടിപ്പിച്ച മെഴുകുതിരി റാലിയിൽ സംസാരിക്കവെയാണ് നിയമനിർമാണ സഭകളിൽ 'ജെൻ സി' തലമുറയുടെ പങ്കാളിത്തം മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞത്.

പ്രായപരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പ്രമേയം ഉടൻ തന്നെ തെലങ്കാന നിയമസഭയിൽ അവതരിപ്പിക്കുമെന്നും അത് കേന്ദ്ര സർക്കാരിന്റെ പരിഗണനയ്ക്കായി അയക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി ജെൻ സി തലമുറയിൽ നിന്നുള്ള ആളായിരിക്കുമെന്നും രേവന്ത് റെഡ്ഡി ഉറപ്പുനൽകി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെയും ജന്തർ മന്തറിലെ വിദ്യാർഥികൾക്ക് നേരെയുണ്ടായ ലാത്തിച്ചാർജിലും പ്രതിഷേധിച്ചാണ് തെലങ്കാന കോൺഗ്രസിന്റെ നേതൃത്വത്തിൽ പീപ്പിൾസ് പ്ലാസയിൽ നിന്ന് നെക്ലേസ് റോഡിലേക്ക് റാലി സംഘടിപ്പിച്ചത്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് വോട്ടവകാശത്തിനുള്ള പ്രായപരിധി 21-ൽ നിന്ന് 18 ആയി കുറയ്ക്കാൻ 61-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നതെന്ന് രേവന്ത് റെഡ്ഡി ഓർമ്മിപ്പിച്ചു. പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് നഗര-ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മേയർ, ജില്ലാ പരിഷത്ത് അധ്യക്ഷൻ തുടങ്ങിയ പദവികളിലേക്ക് മത്സരിക്കാനുള്ള പ്രായപരിധി 25-ൽ നിന്ന് 21 ആയി കുറച്ചതെന്നും ഈ തീരുമാനമാണ് 2020-ൽ തന്റെ 21-ാം വയസിൽ ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയറാകാൻ വഴിയൊരുക്കിയതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

TAGS :

Next Story