ഷര്‍ട്ടഴിച്ച് പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കലാപക്കുറ്റം ചുമത്തി
വന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അതിന് തെളിവുണ്ടെന്നും പൊലീസ്

- Published:
25 Feb 2026 9:30 AM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിയില്‍ ഷര്‍ട്ടഴിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കലാപക്കുറ്റം ചുമത്തി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ്ബ് ഉള്‍പ്പെടെ എട്ട് പേരാണ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായത്. വന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അതിന് തെളിവുണ്ടെന്നും പൊലീസ് അവകാശപ്പെടുന്നു.
ഉദയ് ഭാനു ചിബ്ബിനെ ഇന്നലെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 28 വരെ ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ക്രിമിനല്‍ ഗൂഢാലോചന, പൊതുപ്രവര്‍ത്തകനെ ബോധപൂര്‍വം ഉപദ്രവിക്കല്‍, ജോലി തടസ്സപ്പെടുത്തല്‍, നിയമലംഘനം എന്നീ കുറ്റങ്ങളാണ് പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് കലാപക്കുറ്റവും ചുമത്തിയത്.
കര്‍ഷകരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന തരത്തില്‍ അമേരിക്കയ്ക്ക് മാത്രം ഗുണകരമാകുന്ന വ്യാപാര കരാറുകള്‍ക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്ന് ഉദയ് ഭാനു ചിബ്ബ് പറഞ്ഞിരുന്നു. രാജ്യത്തെ യുവാക്കള്‍ ഇനി നിശബ്ദരായിരിക്കില്ലെന്നും ദശലക്ഷക്കണക്കിന് തൊഴില്‍ രഹിതരായ യുവാക്കളുടെ രോഷമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഷര്‍ട്ടൂരിയില്ലെങ്കിലും കോണ്‍ഗ്രസ് നഗ്‌നമാണെന്ന് പ്രധാനമന്ത്രി പരിഹസിക്കുകയും ചെയ്തിരുന്നു.
അറസ്റ്റ് പ്രധാനമന്ത്രിയുടെ ഭീരുത്വത്തിന്റെ തെളിവാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. പ്രതിഷേധിക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവത്തിന്റെയും ഭീരുത്വത്തിന്റെയും തെളിവാണ്. പ്രതിഷേധിച്ച പ്രവര്‍ത്തകരെയോര്‍ത്ത് അഭിമാനമുണ്ടെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Adjust Story Font
16
