Quantcast

ബിഹാറിൽ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതിന് ഉത്തരവാദികൾ ആർജെഡിയും കോൺഗ്രസും: എഐഎംഐഎം

മഹാ​ഗഡ്ബന്ധനോട് തങ്ങൾ വെറും ആറ് സീറ്റുകൾ മാത്രമാണ് ചോദിച്ചതെന്നും അത് നൽകാത്തതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും വാരിസ് പത്താൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    14 Nov 2025 5:28 PM IST

RJD and Congress responsible for dividing minority votes in Bihar Says AIMIM
X

Photo| Special Arrangement

മുംബൈ: ബിഹാറിൽ വൻ ഭൂരിപക്ഷം നേടി എൻഡിഎ വീണ്ടും അധികാരത്തിൽ എത്തിയിരിക്കെ പ്രതിപക്ഷമായ ആർജെഡിയെയും കോൺ​ഗ്രസിനേയും വിമർശിച്ച് എഐഎംഐഎം. സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചതിന് ഉത്തരവാദികൾ ആർജെഡിയും കോൺ​ഗ്രസുമാണെന്ന് എഐഎംഐഎം നേതാവ് വാരിസ് പത്താൻ ആരോപിച്ചു.

തന്റെ പാർട്ടി ബിജെപിയുടെ ബി ടീം ആണെന്ന ആരോപണവും പത്താൻ തള്ളി. ബിഹാറിലെ വിവിധ മണ്ഡലങ്ങളി‍ൽ എഐഎംഐഎം മുന്നിട്ടുനിൽക്കുകയാണെന്നും കുറഞ്ഞത് ഏഴ് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും പത്താൻ പ്രത്യാശ പ്രകടിപ്പിച്ചു. മഹാ​ഗഡ്ബന്ധനോട് തങ്ങൾ വെറും ആറ് സീറ്റുകൾ മാത്രമാണ് ചോദിച്ചതെന്നും അത് നൽകാത്തതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും വാരിസ് പത്താൻ പറഞ്ഞു.

'വിവിധയിടങ്ങളിൽ ഞങ്ങൾ ലീഡ് ചെയ്യുന്നത് പാർട്ടിയുടെ മുന്നോട്ടുള്ള കുതിപ്പിന് വലിയ പ്രോത്സാഹനമാണ്. വോട്ടെണ്ണൽ അവസാനിക്കുമ്പോഴേക്കും 7-8 സീറ്റുകളെങ്കിലും നേടാനാകുമെന്നാണ് പ്രതീക്ഷ. ന്യൂനപക്ഷ വോട്ടുകളുടെ വിഭജനത്തിന് ആർജെഡിയും കോൺഗ്രസുമാണ് ഉത്തരവാദികൾ. കാരണം ആറ് സീറ്റുകൾ മാത്രം ആവശ്യപ്പെട്ട് ഞങ്ങൾ അവർക്കൊപ്പം നിൽക്കാമെന്ന് പറഞ്ഞിരുന്നു, എന്നാൽ അവർ അത് നിരസിച്ചു. ആദ്യം മഹാരാഷ്ട്രയിലും ഇപ്പോൾ ബിഹാറിലും അവർ ഞങ്ങളെ ബി ടീം എന്ന് വിളിക്കുകയും പരാജയവും അപമാനവും സ്വയം നേരിടുകയും ചെയ്തു'- പത്താൻ വിശദമാക്കി.

വെറും രണ്ട് ശതമാനം വോട്ടുള്ള മല്ല സമുദായത്തിൽ നിന്നുള്ള മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ മഹാഗഡ്ബന്ധന്‍ ബിഹാറില്‍ തന്ത്രപരമായ പിഴവ് വരുത്തിയെന്നും എഐഎംഐഎം ആരോപിച്ചു. എന്നാൽ 19 ശതമാനം വോട്ടർമാരുള്ള സമുദായത്തെ പൂർണമായും അവഗണിച്ചു. അതിന്റെ ഫലങ്ങൾ ഇപ്പോഴും ദൃശ്യമാണ്. സീമാഞ്ചൽ മേഖലകളിൽ തങ്ങൾ ഏറെ ശക്തരാണ്. അതിന് ജനങ്ങളോട് നന്ദിയുണ്ടെന്നും പത്താൻ കൂട്ടിച്ചേർത്തു.

ജോക്കിഹട്ട്, താക്കൂർഗഞ്ച്, കൊച്ചധമാൻ, അമൂർ, ബൈസി എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ എഐഎംഐഎം മുന്നിലാണ്. ബിഹാറിൽ 200ലേറെ സീറ്റുകളിലാണ് എൻഡിഎ ലീഡ‍് ചെയ്യുന്നത്. കനത്ത തിരിച്ചടിയാണ് തേജസ്വിയുടെ ആർജെഡി നേതൃത്വത്തിലുള്ള മഹാ​​ഗഡ്ബന്ധൻ സഖ്യത്തിന് നേരിടേണ്ടിവന്നത്. കേവലം 33 സീറ്റുകളിൽ മാത്രമാണ് പ്രതിപക്ഷ സഖ്യം മുന്നിട്ടുനിൽക്കുന്നത്.

TAGS :

Next Story