മുളക് പൊടി എറിഞ്ഞ് മോഷണ ശ്രമം, പക്ഷേ പാളിപ്പോയി, മോഷ്ടാവിനെ പൊതിരെ തല്ലി ജ്വല്ലറി ഉടമ
ദുപ്പട്ട ധരിച്ചെത്തിയ ഒരു സ്ത്രീ ഉടമയ്ക്ക് മുന്നിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉടമയോട് ആഭരണത്തെപ്പറ്റി ചോദിക്കുന്നുണ്ട്

സിസിടിവി ദൃശ്യം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ ജ്വല്ലറി ഷോപ്പിൽ മുളക് പൊടി എറിഞ്ഞ് മോഷണ ശ്രമം. പരാജയപ്പെട്ടതോടെ മോഷ്ടാവിനെ കയ്യോടെ പിടികൂടി പൊതിരെ തല്ലി ജ്വല്ലറി ഉടമ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
നവംബർ മൂന്ന് ഉച്ചക്ക് 12.30ന് അഹമ്മദാബാദിലെ റാണിപ് പച്ചക്കറി മാർക്കറ്റിനടുത്തൊരു ജ്വല്ലറിയിലാണ് സംഭവം. ദുപ്പട്ട ധരിച്ചെത്തിയ ഒരു സ്ത്രീ ഉടമയ്ക്ക് മുന്നിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഉടമയോട് ആഭരണത്തെപ്പറ്റി ചോദിക്കുന്നുണ്ട്. അയാൾ മറുപടി പറയുന്നതിനിടെയാണ് ഒളിപ്പിച്ചുവെച്ച മുളക് പൊടി എടുക്കുന്നതും വേഗത്തിൽ ഉടമയ്ക്ക് നേരെ എറിയുന്നതും.
എന്നാൽ മുളക്പൊടി എത്തേണ്ടിടത്ത് എത്തിയില്ലെന്ന് മാത്രമല്ല, ഉടമയ്ക്ക് കാര്യം മനസിലാകുകയും ചെയ്തു. ഞൊടിയിടയിൽ മോഷ്ടാവിനെ കൈക്ക് പിടിക്കുകയും പൊതിരെ തല്ലുന്നതും കടയില്‍ നിന്ന് പുറത്തേക്ക് തള്ളുന്നതുമാണ് വീഡിയോയിലുള്ളത്. 20ലേറെ തവണ ഇയാൾ മോഷ്ടാവിനെ അടിക്കുന്നുണ്ട്. കൗണ്ടിന് മുകളിലൂടെ ചാടിയും അടിക്കുന്നുണ്ട്. അതേസമയം ഷോപ്പ് ഉടമ ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല. അതുകൊണ്ട് കേസ് എടുത്തിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
മോഷ്ടാവ് സംഭവ സ്ഥലത്ത് നിന്നും പിന്നീട് രക്ഷപ്പെട്ടു. സമാനമായ മറ്റു കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് അഹമ്മദാബാദ് പൊലീസ് വ്യക്തമാക്കുന്നത്. അതിനാല്‍ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Watch Video
Adjust Story Font
16

