Quantcast

ആർ‌എസ്‌എസ് പരിപാടിയിൽ എഐ‌എഡി‌എം‌കെ നേതാവ് പങ്കെടുത്തതിനെ ചൊല്ലി വിവാദം; ക്ഷണിച്ചിട്ടാണ് പോയതെന്ന് വേലുമണി

ചടങ്ങിൽ ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതും പങ്കെടുത്തിരുന്നു

MediaOne Logo

Web Desk

  • Published:

    24 Jun 2025 11:49 AM IST

Velumani
X

ചെന്നൈ: ആർ‌എസ്‌എസ് പരിപാടിയിൽ എഐ‌എഡി‌എം‌കെ നേതാവ് പങ്കെടുത്തതിനെ ചൊല്ലി തമിഴ്നാട്ടിൽ വിവാദം. തിങ്കളാഴ്ച കോയമ്പത്തൂരിൽ നടന്ന ആര്‍എസ്എസിന്‍റെയും പേരൂർ രാമസ്വാമി അടികളരുടെയും ശതാബ്ദി ആഘോഷ പരിപാടിയിലാണ് മുൻ മന്ത്രി കൂടിയായ എസ്‍പി വേലുമണി പങ്കെടുത്തത്. ചടങ്ങിൽ ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവതും പങ്കെടുത്തിരുന്നു.

ദ്രാവിഡ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് എഐ‌എഡി‌എം‌കെയെ ഭരണകക്ഷിയായ ഡി‌എം‌കെ വിമർശിച്ചു. ഭാഗവത് ഒരു പ്രത്യേക പൂജയിൽ പങ്കെടുക്കുകയും പിന്നീട് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. എഐഎഡിഎംകെയുടെ മുൻ മന്ത്രിയും എടപ്പാടി പളനിസ്വാമിയുടെ അടുത്ത അനുയായിയുമായ എസ്‍.പി വേലുമണി, മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. അണ്ണാമലൈയുടെ തൊട്ടടുത്തായി മുൻനിരയിലാണ് ഇരുന്നത്. മധുര ജില്ലയിൽ ബിജെപിയുടെ പിന്തുണയോടെ വലതുപക്ഷ സംഘടനയായ ഹിന്ദു മുന്നണി സംഘടിപ്പിച്ച മുരുക സമ്മേളനത്തിൽ ആർ.ബി ഉദയകുമാർ, കടമ്പൂർ സി.രാജു എന്നിവരുൾപ്പെടെയുള്ള മുതിർന്ന എഐഎഡിഎംകെ നേതാക്കൾ പങ്കെടുത്തതിന് പിന്നാലെയാണിത്.

മുരുക സമ്മേളനത്തിൽ പാസാക്കിയ പ്രമേയങ്ങൾ അംഗീകരിച്ചില്ലെന്നും ക്ഷണം ലഭിച്ചതിനാലാണ് ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതെന്നും എ‌ഐ‌എ‌ഡി‌എം‌കെ അറിയിച്ചു. "ആർഎസ്എസ്-ബിജെപി സമ്മേളനങ്ങളിൽ പ്രദർശനവസ്തുക്കളായി ഇരിക്കാൻ സമയമുള്ള എഐഎഡിഎംകെ അംഗങ്ങൾക്ക്, തങ്ങളുടെ യജമാനന്മാരോട് ഈ കാര്യങ്ങൾക്കെതിരെ സംസാരിക്കാൻ സമയമോ അന്തസ്സോ ഇല്ല," മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്‍റുമായ എം കെ സ്റ്റാലിൻ പറഞ്ഞു. ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ മാർക്ക് കൃത്രിമം കാണിച്ചുവെന്നാരോപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) യ്ക്കും മഹാരാഷ്ട്ര ആസ്ഥാനമായുള്ള ഒരു ഡോക്ടർക്കുമെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍റെ പരാമര്‍ശം.

1980 കളിൽ ഹിന്ദു മുന്നണിയെ അപലപിച്ച് ഡിഎംകെ സ്ഥാപകനും മുഖ്യമന്ത്രിയുമായ എംജി രാമചന്ദ്രൻ സംസാരിച്ചിരുന്നുവെന്നും ഹിന്ദുക്കളുടെ പേരിൽ നടത്തുന്ന റാലികൾ രാജ്യത്തിന് ഗുണം ചെയ്യുമോ എന്നും എഐഎഡിഎംകെയെ ഓർമ്മിപ്പിക്കാൻ ഡിഎംകെയുടെ ഓർഗനൈസിംഗ് സെക്രട്ടറി ആർഎസ് ഭാരതി ശ്രമിച്ചു. "ദ്രാവിഡം എന്ന പേര് വഹിക്കുന്ന എഐഎഡിഎംകെയുടെ ജനറൽ സെക്രട്ടറി പളനിസ്വാമി, ദ്രാവിഡത്വത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന് ആശംസകൾ നേരുന്നു.. ദ്രാവിഡത്വം നശിച്ചാൽ എഐഎഡിഎംകെയും തകരുമെന്ന് അവർക്ക് മനസ്സിലാകുന്നില്ലേ?" ഭാരതി പ്രസ്താവനയിൽ പറഞ്ഞു. "ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് ഇടം നിഷേധിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം തമിഴ്‌നാടാണ്. കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി നിരവധി തന്ത്രങ്ങൾ പയറ്റിയെങ്കിലും, ദ്രാവിഡ പ്രസ്ഥാനം കാരണം അവ പരാജയപ്പെട്ടു." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേരൂർ ശൈവ മഠം ക്ഷണിച്ചതുകൊണ്ടാണ് ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതെന്നും താൻ കോയമ്പത്തൂർ സ്വദേശിയാണെന്നും വേലുമണി മറുപടി നൽകി. "ആർ.എസ് ഭാരതിയുടെ പ്രസ്താവന ഞാൻ കണ്ടു. ആളുകൾ ഇപ്പോൾ ഡിഎംകെക്ക് എതിരാണ്, അതുകൊണ്ടാണ് അവരുടെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്," വേലുമണി പറഞ്ഞു.

TAGS :

Next Story